വീടിന് പുറത്തെ പാർക്കിംഗ് സ്പെയ്സിൽ കാർ ഇട്ട് ബിസിനസ് ട്രിപ്പിന് പോയി മടങ്ങിയ സാംഗ് കാണുന്നത് നിറയെ പോറലും ബംബറും തകർന്ന നിലയിൽ കണ്ടത്. ഇത് കണ്ട് നെഞ്ച് തകർന്ന യുവാവ് പരിസരത്തെ സിസിവിടി പരിശോധിച്ചപ്പോഴാണ് അയൽവീട്ടിലെ വികൃതി കുട്ടികൾ കോടികൾ വില വരുന്ന ഫെറാരിയെ കളിക്കളമാക്കി മാറ്റിയെന്ന് വ്യക്തമാക്കുന്നത്
യുനാൻ: കോടികൾ വിലവരുന്ന ഫെറാരി കളിക്കളമാക്കി കുട്ടികൾ. മുള കൊണ്ടും കമ്പു കൊണ്ടും കാറിൽ പോറി വരഞ്ഞിട്ടും ക്ഷമാപണം പോലും നടത്താൻ തയ്യാറാവാതെ വന്നതോടെ വികൃതി കുട്ടികളുടെ മാതാപിതാക്കൾക്കെതിരെ നിയമനടപടിയുമായി യുവാവ്. തെക്ക് പടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയിലാണ് ഏകദേശം 5 കോടിയിലേറെ വരുന്ന ഫെറാരി കാറിൽ കുട്ടികൾ പോറലുകൾ വരുത്തി നശിപ്പിച്ചത്. വീടിന് പുറത്തെ പാർക്കിംഗ് സ്പെയ്സിൽ കാർ ഇട്ട് ബിസിനസ് ട്രിപ്പിന് പോയി മടങ്ങിയ സാംഗ് കാണുന്നത് നിറയെ പോറലും ബംബറും തകർന്ന നിലയിൽ കണ്ടത്. ഇത് കണ്ട് നെഞ്ച് തകർന്ന യുവാവ് പരിസരത്തെ സിസിവിടി പരിശോധിച്ചപ്പോഴാണ് അയൽവീട്ടിലെ വികൃതി കുട്ടികൾ കോടികൾ വില വരുന്ന ഫെറാരിയെ കളിക്കളമാക്കി മാറ്റിയെന്ന് വ്യക്തമാക്കുന്നത്. അയൽവാസിയുടെ നാല് ആൺകുട്ടികൾ നീളമുള്ള മുളവടികളുമായി കാറിനടുത്തേക്ക് വരികയും തുടർന്ന് വണ്ടിയുടെ മുകളിൽ കയറി അതിനെ ഒരു കളിക്കോപ്പ് പോലെ ഉപയോഗിക്കുകയും ചെയ്തത് വ്യക്തമായത്. കാറിന്റെ ബോഡിയിലുടനീളം പോറലുകളും ബംബറിൽ കേടുപാടും ഈ കുട്ടിക്കളി മൂലം സംഭവിച്ചിരുന്നു. തനിക്കും കുഞ്ഞുങ്ങളുള്ളതിനാൽ മൃദ്യു സമീപനം സ്വീകരിച്ച സാംഗ് കാർ ഷോറൂമിൽ കൊണ്ടുപോയി അറ്റകുറ്റപ്പണിക്കായി എത്ര രൂപയാവുമെന്നത് തിരക്കി. 14 ലക്ഷം രൂപയോളമാണ് അറ്റകുറ്റപ്പണിക്കായി ആവശ്യപ്പെട്ടത്.
ഇതോടെ പ്രാദേശികമായ വർക്ക് ഷോപ്പുകളെയാണ് അറ്റകുറ്റപ്പണിക്കായി യുവാവ് സമീപിച്ചത്. അവിടെ വണ്ടി പൂർണ്ണമായി നന്നാക്കിയെടുത്തപ്പോൾ 4 ലക്ഷം രൂപയിലേറെയാണ് സാംഗിന് ചെലവായത്. തുടർന്ന് ഈ ബില്ലുകളുമായി കുട്ടികളുടെ മാതാപിതാക്കളുമായി നഷ്ടപരിഹാരത്തെക്കുറിച്ച് ചർച്ച ചെയ്യാൻ സാംഗ് പൊലീസ് സ്റ്റേഷനിലെത്തി. എന്നാൽ മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടായ നിരുത്തരവാദപരമായ സമീപനമാണ് യുവാവിനെ ചൊടിപ്പിക്കുകയായിരുന്നു. വെറും 70000 രൂപ മാത്രമാണ് നഷ്ടപരിഹാരമായി നൽകാമെന്നായിരുന്നു കുട്ടിക്കളുടെ മാതാപിതാക്കളുടെ നിലപാട്. കുട്ടികളെ കൊണ്ടുവന്ന് സാംഗിനോട് ക്ഷമാപണം നടത്താൻ പോലും ദമ്പതികൾ തയ്യാറായില്ല. ഇതോടെയാണ് അറ്റകുറ്റപ്പണിക്കായി ചെലവാക്കിയ തുക മുഴുവൻ ആവശ്യപ്പെട്ട് സാംഗ് അയൽവാസിക്കെതിരെ കോടതിയെ സമീപിച്ചത്.
ചൈനീസ് നിയമങ്ങൾ അനുസരിച്ച് 14 വയസ്സിൽ താഴെയുള്ള കുട്ടികൾ പൊതു സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാൽ അവരെ തടവിലാക്കാൻ കഴിയില്ലെങ്കിലും കുട്ടികളെ ശരിയായി വളർത്താനും തിരുത്താനും രക്ഷിതാക്കൾക്ക് പൊലീസിന് നിർദ്ദേശം നൽകാൻ സാധിക്കും. സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള ചർച്ചകൾക്കും കാരണമായിട്ടുണ്ട്. കുട്ടികൾ തെറ്റ് ചെയ്താൽ മാതാപിതാക്കൾ അതിന് ഉത്തരവാദികളാകണമെന്നും സമൂഹത്തെ ഭയന്നല്ലെങ്കിലും സ്വന്തം തെറ്റുകൾ മനസ്സിലാക്കാൻ ഇവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നുമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്.


