ആന്ധ്രയില്‍ റേപ്പല്ലി റെയില്‍വേ സ്റ്റേഷനില്‍ ഗര്‍ഭിണിയെ കൂട്ടബലംത്സംഗം ചെയ്തവരെ ഹൈദരാബാദ് മാതൃകയില്‍ വെടിവച്ചു കൊല്ലണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അമരാവതി: ആന്ധ്രയില്‍ റേപ്പല്ലി റെയില്‍വേ സ്റ്റേഷനില്‍ ഗര്‍ഭിണിയെ കൂട്ടബലംത്സംഗം ചെയ്തവരെ ഹൈദരാബാദ് മാതൃകയില്‍ വെടിവച്ചു കൊല്ലണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അതിനിടെ വിജയവാഡയില്‍ 17 കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവര്‍ അറസ്റ്റിലായി. ഭര്‍ത്താവിനും മൂന്ന് കുട്ടികള്‍ക്കുമൊപ്പം പ്ലാറ്റ്ഫോമിലെ ബെഞ്ചിലിരുന്ന് ഉറങ്ങുകയായിരുന്ന യുവതി ഞയറാഴ്ച പുലര്‍ച്ചെയാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. 

പ്രകാശം ജില്ലയിലെ കെട്ടിട നിര്‍മ്മാണ തൊഴിലാളികളായ കുടുംബം പ്ലാറ്റ്ഫോമില്‍ പുലര്‍ച്ചെയുള്ള ട്രെയിന്‍ കാത്തിരിക്കുകയായിരുന്നു. അധികം തിരക്കില്ലാത്ത റെപ്പല്ലി സ്റ്റേഷനിലെത്തിയ മൂന്നംഗം സംഘം കുടുംബത്തിന്‍റെ അടുത്തെത്തി സമയം ചോദിച്ചു. കൈയ്യില്‍ വാച്ചില്ലെന്ന് പറഞ്‍ഞ് ഇവരെ തിരിച്ചയച്ചെങ്കിലും വീണ്ടുമെത്തി പണം ആവശ്യപ്പെട്ടു. ഇതിന്‍റെ പേരില്‍ തുടങ്ങിയ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ക്രൂരമായി മര്‍ദ്ദിച്ചു. പിന്നാലെ 26 കാരിയായ യുവതിയെ പ്ലാറ്റ്ഫോമിലൂടെ വലിച്ചിഴച്ച് കൊണ്ടുപോയി. തടയാന്‍ ശ്രമിച്ച കുട്ടികളെയും മര്‍ദിച്ചു. 

സമീപത്തെ പൊലീസ് സ്റ്റേഷനിലെത്തി ഭര്‍ത്താന് വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസും നാട്ടുകാരും നടത്തിയ തെരച്ചിലിലാണ് റെയില്‍ട്രാക്കിന് സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് അവശനിലയില്‍ യുവതിയെ കണ്ടെത്തിയത്. മൂന്ന് പേരും ചേര്‍ന്ന് ബലാത്സംഗം ചെയ്ത ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പൊലീസ് നടത്തിയ തെരച്ചലില്‍ സമീപപ്രദേശത്ത് നിന്ന് മൂന്നും പേരും പിടിയിലായി. ഗുണ്ടൂര്‍ സ്വദേശികളായ 25കാരന്‍ വിജയ് കൃഷ്ണ 20കാരന്‍ നിഖില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളുമാണ് അറസ്റ്റിലായത്. 

ഇവര്‍ക്കെതിരെ ഇതേ സ്റ്റേഷനില്‍ മോഷണകുറ്റങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരജായപ്പെട്ടെന്ന് ചൂണ്ടികാട്ടി ടിഡിപി പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ വിജയവാഡയില്‍ 17-കാരിയെപീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ ജഗദീപ് അറസ്റ്റിലായി. ബെംഗളൂരുവില്‍ നിന്നെത്തിയ പെണ്‍കുട്ടിയെ ഹോട്ടലിലേക്ക് എന്ന് പറഞ്ഞ് തെറ്റിധരിപ്പിച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പീഡിപ്പിക്കുകയായിരുന്നു.