ലഖ്നൗ: കോടതിവളപ്പില്‍ വച്ച് ഭര്‍ത്താവ് നല്‍കിയ ചൂയിംഗം വാങ്ങാന്‍ വിസമ്മതിച്ചതോടെ ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. ലഖ്നൗ സിവില്‍ കോടതിവളപ്പിലാണ്  ഇന്ദിരാ നഗര്‍ സ്വദേശി സിമ്മിയെ ഭര്‍ത്താവ് റാഷിദ് മൊഴി ചൊല്ലിയത്.

2004 -ലാണ് സിമ്മിയും സെയ്ദ് റാഷിദും വിവാഹിതരാകുന്നത്. വിവാഹത്തിന് ശേഷം സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സിമ്മി കോടതിയില്‍ കേസ് കൊടുത്തിരുന്നു. കേസിന്‍റെ വിസ്താരം കേള്‍ക്കാനായി കോടതിയില്‍ എത്തിയതായിരുന്നു സിമ്മിയും ഭര്‍ത്താവും.

കോടതിവളപ്പില്‍ വച്ച് സിമ്മി അഭിഭാഷകനുമായി സംസാരിക്കുന്നതിനിടെ റാഷിദ് സിമ്മിക്ക് ചൂയിംഗം നല്‍കി. എന്നാല്‍ സിമ്മി ഇത് വാങ്ങാന്‍ തയ്യാറാകാത്തതോടെ ക്ഷുഭിതനായ റാഷിദ് ഇവരെ അസഭ്യം പറയുകയും മുത്തലാഖ് ചൊല്ലുകയുമായിരുന്നു. 

ഇതോടെ സിമ്മി വാസിര്‍ഖാനി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ റാഷിദിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് തുടര്‍ നടപടികള്‍ എടുക്കുന്നില്ലെന്നും സിമ്മി ആരോപിച്ചിരുന്നു. എന്നാല്‍ ആരോപണം നിഷേധിച്ച പൊലീസ് സൂപ്രണ്ട് വികാസ് ചന്ദ്ര ത്രിപാഠി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.