ബംഗളൂരുവിലെത്തിയ സനൽ മൈസൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സംഘം ഇവിടേക്ക് എത്തിയിട്ടുണ്ട്. ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു

പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്ന് സംശയിക്കുന്ന മകൻ സനലിനായുള്ള അന്വേഷണം കർണ്ണാടകത്തിലേക്ക് വ്യാപിപ്പിച്ച് പൊലീസ്. ഇന്നലെ രാവിലെ ബംഗളൂരുവിലെത്തിയ സനൽ മൈസൂർ ഭാഗത്തേക്ക് കടന്നതായാണ് പൊലീസിന് വിവരം ലഭിച്ചത്. പൊലീസ് സംഘം ഇവിടേക്ക് എത്തിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചന്ദ്രനെയും ദേവിയെയും മകൻ സനൽ ക്രൂരമായാണ് വെട്ടിക്കൊലപ്പെടുത്തിയത്. ഇരുവരുടെയും മുഖത്ത് നിരവധി വെട്ടേറ്റിരുന്നു. സനൽ കൃത്യം നടന്നതിന് ശേഷമാണ് നാടുവിട്ടത്. നേരത്തെ മുംബെയിൽ സ്വർണ്ണാഭരണ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന സനൽ ലോക്ഡൗൺ സമയത്താണ് നാട്ടിലെത്തിയത്.

കൊലപാതകം നടന്ന വീട്ടിൽ നിന്ന് കണ്ടെടുത്ത സിറിഞ്ചുകൾ സനൽ മയക്കുമരുന്ന് ഉപയോഗിച്ചതെന്ന സംശയം പൊലീസിൽ ബലപ്പെടുത്തിയിട്ടുണ്ട്. അതിനിടെ കൊല്ലപ്പെട്ട ചന്ദ്രൻ്റെയും ദേവിയുടെയും പോസ്റ്റ്മോർട്ടം ഇന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ നടക്കും. പുതുപ്പരിയാരം ഓട്ടൂർക്കാവിൽ വൃദ്ധ ദമ്പതികളായ 65 കാരൻ ചന്ദ്രനെയും 55 വയസ്സുള്ള ദേവിയേയുമാണ് വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

എറണാകുളത്തുള്ള മകൾ സൗമിനി ഇന്നലെ രാവിലെ ഇവരെ ഫോണിൽ വിളിച്ച് കിട്ടാതായതോടെ സമീപവാസിയെ വിളിക്കുകയായിരുന്നു. തുടർന്ന് ബന്ധുവും പഞ്ചായത്ത് മെമ്പറുമായ രമേഷ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയിൽ കാണുന്നത്. ദേവിയുടെ മൃതദേഹം സ്വീകരണമുറിയിലും ചന്ദ്രന്‍റേത് കിടപ്പുമുറിയിലുമാണുണ്ടായിരുന്നത്.