പാലക്കാട്: ഒറ്റപ്പാലത്തിനടുത്ത് പനമണ്ണയിൽ സ്പിരിറ്റ് കലക്കി കള്ള് വിൽപ്പന. സംഭവത്തിൽ രണ്ട് പേരെ അറസ്റ്റ് ചെയ്തു. ഒരാൾ ഓടി രക്ഷപ്പെട്ടു. ഒറ്റപ്പാലം പനമണ്ണ അമ്പലവട്ടത്തെ ഷാപ്പിൽ നിന്നാണ് സ്പിരിറ്റ് കലർത്തിയ കള്ള് പിടികൂടിയത്.‌ സ്പിരിറ്റ് കലക്കിയ 1000 ലിറ്റർ കള്ളും ഏഴ് ലിറ്റർ സ്പിരിറ്റുമാണ് എക്സൈസ് ഇന്റലിജന്റ് പിടികൂടിയത്. 

സംഭവത്തിൽ ഷാപ്പ് നടത്തിപ്പുകാരൻ മനിശേരി സ്വദേശി സോമസുന്ദരൻ, പനമണ്ണ സ്വദേശി ശശികുമാർ എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് കലർത്തുന്നതിനിടെയാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. പിക്കപ് വാനും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പരിശോധന തുടരുകയാണ്.