പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസുകാരനെ പാലക്കാട് വിജിലൻസ് പിടികൂടി. പാലക്കാട് കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫിസർ സക്കീർ ഹുസൈനാണ് അയ്യായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. റിമാൻഡ് പ്രതിയുടെ ജാമ്യത്തിനായി കോടതിയിൽ രേഖകൾ ഹാജരാക്കുന്നതിന് പ്രതിയുടെ ബന്ധുവിൽ നിന്ന് 5000 രൂപ കൈകൂലി വാങ്ങുന്നതിനിടെയാണ് സംഭവം. റിമാൻഡിൽ കഴിയുന്ന കൃഷ്ണദാസിന്‍റെ ബന്ധു സുജന്ധൻ വിജിലൻസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷനകത്തുള്ള റസ്റ്റ് റൂമിൽ വെച്ചാണ് സക്കീർ ഹുസൈനെ വിജിലൻസ് കൈയ്യോടെ പിടികൂടിയത്.  ഡിവൈഎസ്പി മാത്യൂ രാജ് കള്ളിക്കാടന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ വിജിലൻസ് സംഘമാണ് പൊലീസ് ഉദ്യോഗസ്ഥനെ പിടികൂടിയത്.