Asianet News MalayalamAsianet News Malayalam

പാനൂർ മൻസൂർ വധക്കേസിലെ പ്രതി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് തീയിട്ടു

സിപിഎം പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. കേസിലെ പത്താം പ്രതിയുമാണ്. വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു. ജാബിർ ഇപ്പോഴും ഒളിവിലാണ്. 

panoor mansoor murder case attack against house of jabir one among the accused
Author
Panoor, First Published Apr 27, 2021, 8:28 AM IST

കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിലെ പത്താം പ്രതിയും സിപിഎം പ്രാദേശികനേതാവുമായ പി പി ജാബിറിന്‍റെ വീട്ടിലെ വാഹനങ്ങൾക്ക് അജ്ഞാതർ തീയിട്ടു. വീടിന് പിന്നിലെ ഷെഡ്ഡിൽ നിർത്തിയിട്ടിരുന്ന ഒരു കാറും രണ്ട് ബൈക്കിനുമാണ് തീയിട്ടത്. വാഹനങ്ങൾ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. 

കണ്ണൂർ മുക്കിൽപ്പീടികയിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവമുണ്ടായത്. വീടിന് പിന്നിലെ ഷെഡ്ഡിൽ തീ പടരുന്നത് കണ്ട് വീട്ടുകാർ ഇവിടെ നിന്ന് ഇറങ്ങിയോടി. തുടർന്ന് ഫയർഫോഴ്സിൽ വിവരമറിയിച്ച്, അവർ ഉടനെ എത്തിയതിനാൽ വീടിന് അകത്തേക്ക് തീ പടർന്നില്ല. 

വാഹനങ്ങൾ അഗ്നിക്ക് ഇരയാക്കിയത് ലീഗ് പ്രവർത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. കേസിൽ പ്രതിയായ ജാബിർ ഇപ്പോഴും ഒളിവിലാണ്. സിപിഎമ്മിന്‍റെ പെരിങ്ങളം ലോക്കൽ കമ്മിറ്റി അംഗമാണ് ജാബിർ. ജാബിറിനെ ഇപ്പോഴും പിടികൂടാത്തതിൽ സ്ഥലത്ത് ലീഗ് പ്രതിഷേധം നടത്തിയിരുന്നു. ഇതിനിടെയാണ് അർദ്ധരാത്രി ആക്രമണമുണ്ടാകുന്നത്.

സ്ഥലത്തെത്തി പൊലീസ് വിശദമായി പരിശോധന നടത്തി. പ്രദേശത്തെ സുരക്ഷ കൂട്ടാനും തീരുമാനമായിട്ടുണ്ട്. പാനൂർ മൻസൂർ കൊലക്കേസിൽ ഇത് വരെ എട്ട് പ്രതികളാണ് പിടിയിലായിട്ടുള്ളത്. വോട്ടെടുപ്പ് ദിവസം രാത്രി എട്ട് മണിയോടെയാണ് പാനൂർ മുക്കിൽപീടികയിൽ വച്ച് മുസ്ലിംലീഗ് പ്രവർത്തകരായ മൻസൂറും സഹോദരൻ മുഹ്സിനും ആക്രമിക്കപ്പെട്ടത്. 

വീട്ടില്‍ നിന്നും ഇറക്കിക്കൊണ്ട് പോയാണ് ആക്രമിച്ചതെന്ന് മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്സിന്‍ പറഞ്ഞിരുന്നു. പ്രതികളെ കണ്ടാല്‍ അറിയാമെന്നും അക്രമിച്ചത് ഇരുപതോളം വരുന്ന ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും മുഹ്സിന്‍ പറഞ്ഞിരുന്നു. ഡിവൈഎഫ്ഐ നേതാവ് സുഹൈല്‍ ആണ് മുഖ്യ ആസൂത്രകനെന്നും 25 പേരടങ്ങുന്ന സംഘമാണ് കൊലപാതകം നടത്തിയതെന്നുമാണ് പൊലീസ് പറയുന്നത്. പ്രതികളില്‍ 11 പേരെ തിരിച്ചറിഞ്ഞെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios