കണ്ണൂർ: ബിജെപി നേതാവ് പ്രതിയായ പാലത്തായി പീഡനക്കേസിൽ ഇരയായ പെൺകുട്ടിയുടെ സഹപാഠിയുടെ മൊഴി കൂടി തെളിവായി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അധ്യാപകൻ പെൺകുട്ടിയെ പീഡിപ്പിക്കുന്നത് അറിയാമായിരുന്നുവെന്ന് സഹപാഠി നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയിരുന്നു.

മറ്റു കുട്ടികളോടും പദ്മരാജൻ മോശമായി പെരുമാറിയിട്ടുണ്ടെന്ന് മൊഴിയിലുണ്ട്. ടീച്ചർമാരോട് പരാതി പറഞ്ഞിരുന്നു എന്നും സഹപാഠി വ്യക്തമാക്കി. ഈ മൊഴി കേസിൽ നിർണായക തെളിവാകുമെന്ന് പൊലീസ് പറഞ്ഞു.  ഒരു മാസമായി ഒളിവിൽ കഴിയുന്ന ബിജെപി നേതാവായ പ്രതി പത്മരാജനെ പിടികൂടാൻ പൊലീസിനാകാത്തത് വൻ വിമർശനത്തിനാണ് വഴിയൊരുക്കിയത്.

അധ്യാപകനെ അറസ്റ്റ് ചെയ്യാത്തതിൽ പൊലീസിനെതിരെ രൂക്ഷവിമർ‍ശനവുമായി വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി കെ കെ ശൈലജ രംഗത്ത് വന്നിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസ് സംസ്ഥാനത്തിന് നാണക്കേടുണ്ടാക്കുകയാണെന്ന് ഡിജിപിയെ വിളിച്ച് അറിയിച്ചതായി മന്ത്രി കെ കെ ശൈലജ പറഞ്ഞു. രണ്ടു ദിവസത്തിനകം അറസ്റ്റ് ചെയ്യാമെന്ന് പറഞ്ഞ് തലശ്ശേരി ഡിവൈഎസ്‍പി ഉരുണ്ട് കളിക്കുകയാണ്. സ്കൂളിൽ വച്ച് കുട്ടിയെ പീഡിപ്പിച്ച അധ്യാപകനെതിരെ നടപടി ഉണ്ടായില്ലെങ്കിൽ പൊലീസിനെതിരെ കർശന നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.

ലൈറ്റണച്ചും പ്രതിപക്ഷത്തോട് വായടക്കാന്‍ പറഞ്ഞും പരസ്പരം മുന്നേറുന്ന ഭായീ - ഭായീ ബന്ധം ഒരു പിഞ്ചുകുഞ്ഞിന് നീതി നിഷേധിക്കുന്ന അവസ്ഥയുണ്ടാക്കുന്നത് കേരളത്തിന് സഹിക്കാന്‍ സാധിക്കില്ല എന്നായിരുന്നു സംഭവത്തിൽ പ്രതിപക്ഷ എംഎൽഎ വിടി ബൽറാമിന്റെ പ്രതികരണം.