Asianet News MalayalamAsianet News Malayalam

'മയങ്ങിപ്പോവുന്ന നിലയിലായിട്ടും നോക്കിയില്ല'; ഒന്നര വയസുകാരിയുടെ മരണത്തില്‍ ആശുപത്രിക്കെതിരെ രക്ഷിതാക്കള്‍

ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനായി ശ്രമിച്ചപ്പോള്‍ ഓക്സിജന്‍ വേര്‍പെടുത്തിയ ശേഷമാണ് ആംബുലന്‍സിലേക്ക് മാറ്റിയതെന്നും മാതാപിതാക്കള്‍ ആരോപിക്കുന്നു. എരുമേലിയിലെ സോണി ആശുപത്രിക്കെതിരെയാണ് പരാതി

parents alleges medical negligence of private hospital in toddlers burnt death in Erumeli
Author
First Published Oct 1, 2022, 12:53 AM IST

എരുമേലി: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒന്നര വയസുകാരി മരിച്ച സംഭവത്തിൽ കോട്ടയം എരുമേലിയിലെ സ്വകാര്യ ആശുപത്രിക്ക് എതിരെ ഗുരുതര ആരോപണവുമായി രക്ഷിതാക്കൾ കുട്ടിയുടെ മരണം എരുമേലി സോണി ആശുപത്രിയുടെ അനാസ്ഥമൂലമാണെന്നാണ് പരാതി. കാഞ്ഞിരപ്പള്ളി പാലമ്പ്ര സ്വദേശി പ്രിൻസ് തോമസിന്‍റേയും ഡിയാ മാത്യുവിന്‍റേയും മകൾ സെറാ മരിയയാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഒന്നര വയസ് മാത്രമായിരുന്നു സെറായുടെ പ്രായം.

തിളച്ച പാല്‍ വീണ് പൊള്ളലേറ്റതിനെ തുടർന്ന് ഈ മാസം 13നാണ് കുട്ടിയെ എരുമേലിയിലെ സോണി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊള്ളൽ പൂർണമായും ഭേദമാക്കിത്തരാം എന്ന ഉറപ്പിലായിരുന്നു കുട്ടിയെ ഇവിടെ അഡ്മിറ്റാക്കിയതെന്ന് മാതാപിതാക്കൾ പറയുന്നു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ കഫക്കെട്ട് ഉണ്ടായി. തുടർന്ന് ആശുപത്രി ജീവനക്കാരെ വിവരമറിയിച്ചപ്പോൾ ഇതിന് മരുന്ന് നൽകുന്നുണ്ടെന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ മറുപടി. മറ്റെവിടേയ്ക്കെങ്കിലും കുട്ടിയെ മാറ്റണോ എന്നന്വേഷിച്ചെങ്കിലും വേണ്ട എന്നായിരുന്നു ആശുപത്രി ജീവനക്കാരുടെ പ്രതികരണമെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

ചൊവ്വാഴ്ച അർധരാത്രിയായതോടെ കുട്ടിയുടെ നില വഷളാവുകയായിരുന്നു. ആംബുലൻസ് വിളിച്ച് വരുത്തി മറ്റൊരു ആശുപത്രിയിലേയ്ക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും കുട്ടി മരിച്ചു. ഓക്സിജൻ വേർപ്പെടുത്തിയ ശേഷമാണ് ഗുരുതരാവസ്ഥയിലായ കുട്ടിയെ ആംബുലൻസിലേയ്ക്ക് മാറ്റിയതെന്നും ഇതടക്കം ഉണ്ടായ ചികിത്സ പിഴവുകളാണ് കുട്ടിയുടെ മരണകാരണമെന്നുമാണ് മാതാപിതാക്കളുടെ പരാതി.

കുഞ്ഞിനുണ്ടായ പൊള്ളല്‍ കരിയാന്‍ തുടങ്ങിയെങ്കിലും കഫക്കെട്ടുണ്ടായിരുന്നതിന് ആശുപത്രി ജീവനക്കാര്‍ മരുന്ന് നല്‍കിയില്ലെന്നാണ് മാതാവ് ആരോപിക്കുന്നത്. കുഞ്ഞിന് പാല് കൊടുക്കാന്‍ നോക്കുന്ന സമയത്ത് കുട്ടി അസ്വസ്ഥത കാണിച്ചിരുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും കുഞ്ഞ് മയങ്ങിപ്പോവുന്ന അവസ്ഥയിലായിട്ടും ആശുപത്രി ജീവനക്കാരുടെ ഭാഗത്ത് നിന്ന് തണുത്ത പ്രതികരണമാണ് ഉണ്ടായതെന്നും കുട്ടിയുടെ മാതാവ് പറയുന്നു. പാല്‍ കുടിക്കുമ്പോള്‍ അസ്വസ്ഥത കാണിച്ച കുഞ്ഞ് പൊള്ളലേറ്റ കൈ വരെ കടിച്ച് പൊട്ടിക്കുന്ന നിലയിലായതും ആശുപത്രി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നതായാണ് അമ്മ പറയുന്നത്. പൊള്ളല്‍ ചികിത്സയ്ക്ക് മികച്ച ആശുപത്രിയാണെന്ന് കേട്ടറിഞ്ഞതിനേ തുടര്‍ന്നാണ് ചികിത്സയ്ക്കായി ഇവിടെ എത്തിയതെന്നാണ് സെറാ മരിയയുടെ മാതാവ് പറയുന്നത്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് കാഞ്ഞിരപ്പള്ളി പൊലിസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ ചികിൽസയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നാണ് സോണി ആശുപത്രി മാനേജ്മെന്‍റിന്‍റെ വിശദീകരണം.

Follow Us:
Download App:
  • android
  • ios