തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചത് എന്നാണ് ഇവരുടെ വിശദീകരണം.
ബെംഗളുരു : കർണാടകയിൽ 21കാരിയായ മകളെ ദേവദാസി സമ്പ്രദായത്തിലേക്ക് തള്ളിവിട്ടതിന് അച്ഛനമ്മമാരടക്കം നാല് പേർ അറസ്റ്റിൽ. യുവതി നേരിട്ട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർച്ചയായി രോഗബാധിതയായതിന്റെ പേരിലാണ് മകളെ ദേവദാസിയാക്കാൻ നിർബന്ധിച്ചത് എന്നാണ് ഇവരുടെ വിശദീകരണം.
കൊപ്പാള ജില്ലയിലെ ചിലവ്ഗഡി എന്ന സ്ഥലത്തെ ഹൂളിഗമെ എന്ന ക്ഷേത്രത്തിലാണ് ഇവർ 21കാരിയായ മകളെ ദേവദാസിയാക്കിയിരിക്കുന്നത്.
യുവതി മുനീറാബാദ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നൽകുകയായിരുന്നു. ദേവദാസി സമ്പ്രദായം 1984 മുതൽ നിയമവിരുദ്ധമാണ്. തുടർച്ചയായി രോഗബാധിതയാകുന്നതിന് കാരണം ദൈവകോപമാണെന്നും അതിനാൽ ദൈവത്തിന് അടിയറവുവച്ച് ദേവദാസിയാക്കുന്നുവെന്നുമുള്ള വിശ്വാസത്തിലാണ് കുട്ടിയെ ക്ഷേത്രത്തിലേക്ക് കൊടുത്തത്.
Read More : സജി ചെറിയാന്റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടി ഗവർണര്‍
ഇതോടെ തുടർന്നുള്ള ജീവിതകാലം മുഴുവൻ യുവതി ഈ ക്ഷേത്രത്തിൽ ജീവിക്കണം, യാതൊരുവിധ സാമൂഹിക ജീവിതവും പാടില്ല എന്നതാണ് ഈ അനാചാരം. സ്ത്രീ സുരക്ഷാ സംഘടനകളും ദളിത് സംഘടനകളുമടക്കം ഈ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ പൊലീസും സാമൂഹിക നീതി വകുപ്പും അന്വേഷിച്ച് വരികയാണ്.

