ന്യൂയോര്‍ക്ക്: ബഹിരാകാശത്തെ ആദ്യ ക്രിമിനല്‍ കേസ് അന്വേഷിക്കാനൊരുങ്ങി നാസ. ബഹിരാകാശ യാത്രിക ആന്‍ മക്ലെയിനെതിരെയാണ് ജീവിത പങ്കാളിയായ സമ്മര്‍ വോര്‍ഡന്‍ മോഷണ പരാതിയുമായി രംഗത്തെത്തിയത്. ഫെഡറല്‍ ട്രേഡ് കമ്മീഷനും നാസക്കുമാണ് വോര്‍ഡന്‍ പരാതി നല്‍കിയത്. യുഎസ് എയര്‍ഫോഴ്സ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥയായിരുന്നു സമ്മര്‍ വോര്‍ഡന്‍.

ഏറെക്കാലമായി ഇരുവരും അകന്നാണ് കഴിയുന്നത്. ബഹിരാകാശ യാത്രയുടെ ഭാഗമായി ആന്‍ ഇന്‍റര്‍നാഷണല്‍ സ്പെസ് സ്റ്റേഷനില്‍ ആയിരുന്ന സമയത്ത് സമ്മര്‍ വോര്‍ഡന്‍റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് അനുവാദമില്ലാതെ പണം പിന്‍വലിച്ചെന്നാണ് പരാതി.

സമ്മര്‍ വോര്‍ഡന്‍റെ യൂസര്‍നെയിമും പാസ്‍വേര്‍ഡും ഉപയോഗിച്ചായിരുന്നു ആന്‍ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചത്. വോര്‍ഡനിന്‍റെ കുടുംബം മറ്റൊരു പരാതിയും ആന്‍ മക്ലെയിനെതിരെ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇരുവരും ഒരുമിച്ച് കഴിഞ്ഞിരുന്ന കാലത്തുള്ള ജോയിന്‍റ് അക്കൗണ്ടായിരുന്നെന്നും ആന്‍ മക്ലെയിന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും അവരുടെ അഭിഭാഷകന്‍ പറഞ്ഞു. സംഭവത്തില്‍ നാസ അന്വേഷണം തുടങ്ങി. 

ലോകപ്രശസ്തയായ ബഹിരാകാശ യാത്രികയാണ് ആന്‍ മക്ലെയിന്‍. ബഹിരാകാശ യാത്ര പൂര്‍ത്തിയാക്കി ജൂണിലാണ് ആന്‍ തിരിച്ചെത്തിയത്. ആറുമാസത്തെ ബഹിരാകാശ നടത്തത്തിനായി നാസ തെരഞ്ഞെടുത്ത രണ്ട് വനിതകളില്‍ ഒരാളാണ് ആന്‍ മക്ലെയിന്‍. എന്നാല്‍, പിന്നീട് സ്പെയിസ് സ്യൂട്ട് സംബന്ധിച്ച് പ്രശ്നമുള്ളതിനാല്‍ നാസ പദ്ധതി ഉപേക്ഷിച്ചു. പദ്ധതി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് നാസയുടേത് സ്ത്രീവിരുദ്ധ സമീപനമാണെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 

സമ്മര്‍ വോര്‍ഡിന്‍റെ അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിച്ചതായി ആന്‍ മക്ലെയിനും സമ്മതിച്ചു. ബാങ്ക് അക്കൗണ്ട് എനിക്ക് ബഹിരാകാശത്തും ലഭ്യമായിരുന്നു. രണ്ട് പേരും ഉപയോഗിച്ച അക്കൗണ്ടായിരുന്നു അത്. ചെയ്യുന്നത് നിയമ വിരുദ്ധമാണെന്ന് അറിയില്ലായിരുന്നുവെന്നും ആന്‍ മക്ലെയിന്‍ അറിയിച്ചു. അമേരിക്കയിലെ സെലിബ്രിറ്റി സ്വവര്‍ഗ ദമ്പതികളായിരുന്നു ആന്‍ മക്ലെയിനും സമ്മര്‍ വോര്‍ഡനും. 2014ലാണ് ഇരുവരും വിവാഹിതരാകുന്നത്. വിവാഹിതരാകുന്നതിന് മുമ്പ് വാടക ഗര്‍ഭപാത്രത്തിലൂടെ വോര്‍ഡന് ആണ്‍കുഞ്ഞിന്‍റെ അമ്മയായിരുന്നു.

ഈ കുട്ടിയെ സംബന്ധിച്ച തര്‍ക്കമാണ് വിവാഹബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയത്. കുഞ്ഞിനെ പരിചരിക്കാന്‍ ആനിന് താല്‍പര്യമില്ലെന്നും തന്നെ അവഹേളിക്കുകയുമാണെന്നാരോപിച്ച് 2018ലാണ് സമ്മര്‍ വോര്‍ഡന്‍ പരാതി നല്‍കിയത്.