മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു
തൃശൂര്‍: മാളയില്‍ കഞ്ചാവ് കടത്തിയ കാര്‍ സ്കൂട്ടറിലിടിച്ച് യാത്രക്കാരന് പരിക്കേറ്റു. മാള സ്വദേശി കളപ്പുരയ്ക്കല്‍ രഞ്ജിത്തിനാണ് പരിക്കേറ്റത്. രാവിലെ പഴുക്കര ജങ്ഷനിലാണ് സംഭവം. അപകടം നടന്നതിന് പിന്നാലെ കഞ്ചാവ് പൊതി തൊട്ടടുത്ത പറമ്പിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ നാട്ടുകാര്‍ പിടികൂടി. കുഴൂര്‍ ചെറുപിള്ളി യദുകൃഷ്ണന്‍, എരവത്തൂര്‍ സ്വദേശി വിനില്‍ എന്നിവരാണ് പിടിയിലായത്. എക്സൈസെസ് സംഘമെത്തി പറന്പിലേക്ക് വലിച്ചെറിഞ്ഞ 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
അപകടം ഉണ്ടായ ഉടനെ കാറിലുള്ളവർ പുറത്തേക്കോടി കഞ്ചാവ് വലിച്ചെറിഞ്ഞു. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇയാലെ പിടികൂടുകയായിരുന്നു. എക്സൈസ് സംഘം നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് എത്തുകയും പരിശോധന നടത്തുകയും ചെയ്തു. ഇതിനിടെ കാറിലുള്ള രണ്ടുപേരെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിൽ കാറിൽ കൂടുതൽ കഞ്ചാവുണ്ടോ എന്ന പരിശോധനയും എക്സൈസ് നടത്തി. എന്നാൽ കണ്ടെത്താനായില്ല.
അതേസമയം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഹരി കടത്തിന്റെ വാർത്തകളാണ് പുറത്തുവരുന്നത്. ഇവന്‍റ് മാനേജ്‌മെന്‍റിന്‍റെ മറവിൽ ലഹരിമരുന്ന് വില്‍പ്പന നടത്തിയ മൂന്ന് പേർ പിടിയിലായ വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പാലാഴി അത്താണിയിലെ സ്വകാര്യ അപ്പാര്‍ട്ട്മെന്‍റ് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപ്പന നടത്തി വന്ന മേപ്പാടി കിളിയമണ്ണ വീട്ടിൽ മുഹമ്മദ് ഷാമിൽ റഷീദ് (25), അത്തോളി കളത്തുംകണ്ടി ഫൻഷാസ് (24), വയനാട് കപ്പംകൊല്ലി പതിയിൽ വീട്ടിൽ നൗഫൽ അലി (22), എന്നിവരെയാണ് എസ്ഐ ടി വി ധനഞ്ജയ ദാസിന്‍റെ നേത്യത്ത്വത്തിലുള്ള പന്തീരാങ്കാവ് പൊലീസും നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്‍റ് കമ്മീഷണർ പ്രകാശൻ പടന്നയിലിന്‍റെ നേതൃത്ത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് (ഡാൻസാഫും) ചേർന്ന് പിടികൂടിയത്.
പിടിയിലായവർ ബി ടെക് ബിരുദധാരികളാണ്. ഇവർ താമസിച്ച റൂമിൽ നിന്ന് വിൽപ്പനയ്ക്കായി സൂക്ഷിച്ച മാരക ലഹരി മരുന്നുകളായ 31.30 ഗ്രാം എംഡിഎംഎ, 450 മില്ലിഗ്രാം എസ് ഡി സ്റ്റാമ്പ് (35 എണ്ണം ), 780 മില്ലിഗ്രാം എക്സ്റ്റസി പിൽ 11.50 ഗ്രാം കഞ്ചാവ്, മൂന്ന് മില്ലിഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും ലഹരി മരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നിരവധി കവറുകളും തൂക്കുന്ന മെഷീനും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന ഒസിബി പേപ്പറും പൊലീസ് പിടിച്ചെടുത്തു.
