കോഴിക്കോട്: പയ്യോളിയിൽ മാനസികാസ്വാസ്ത്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ ബസ്സ് ജീവനക്കാർ അറസ്റ്റിൽ. സ്വകാര്യ ബസ്സ് ജീവനക്കാരായ കണ്ണൂർ പട്ടുവം സ്വദേശി രൂപേഷ്, കക്കാട് സ്വദേശി മിഥുന്‍ എന്നിവരാണ് പിടിയിലായത്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് മാനസികാസ്വാസ്ത്യമുള്ള ഇരുപത്തിയാറുകാരിയെ പയ്യോളിയിലെ വീട്ടിൽ നിന്ന് കാണാതായത്. തുടർന്ന് വീട്ടുകാർ പയ്യോളി പൊലീസിൽ പരാതി നൽകി. 

യുവതിയുടെ കയ്യിലുള്ള മൊബൈൽ ഫോണിന്‍റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയതോടെ സ്ഥലംകൃത്യമായി കണ്ടെത്താനായില്ല. ഇതിനിടെ ബുധനാഴ്ച രാത്രി യുവതി ഒരു ബന്ധുവിനെ വാട്സ് ആപ്പ് വീഡിയോ കോളിൽ ബന്ധപ്പെട്ടു. കോൾ റെക്കോർഡ് ചെയ്ത ബന്ധു ദൃശ്യങ്ങൾ പൊലീസിന് കൈമാറി. ഈ ദൃശ്യങ്ങളിൽ നിന്നാണ് യുവതി കണ്ണൂർ പറശ്ശിനിക്കടവിലെ പെട്രോൾ പമ്പിന് സമീപം ഉണ്ടെന്ന് സൂചന ലഭിച്ചത്. 

പയ്യോളി പൊലീസ് കൈമാറിയ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പറശ്ശിനിക്കടവിലെ ഒരു പെട്രോൾ പമ്പിനടുത്ത് നിർത്തിയിട്ട ബസ്സിനുള്ളിൽ നിന്ന് യുവതിയെ കണ്ടെത്തിയത്. അതേ ബസ്സിലെ ജീവനക്കാരായ രണ്ട് പേർ ചേർന്ന് പീഡിപ്പിച്ച വിവരം യുവതി പൊലീസിനെ അറിയിച്ചു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ബസ്സിന് സമീപം ഉണ്ടായിരുന്ന രൂപേഷിനേയും മിഥുനിനേയും കസ്റ്റഡിയിൽ എടുത്തത്. 

പിന്നീട് മൂന്ന് പേരേയും പയ്യോളി പൊലീസിന് കൈമാറി. ബുധനാഴ്ച രാത്രി കണ്ണൂർ ബസ്സ് സ്റ്റാന്‍റിൽ എത്തിയ തന്നെ താമസിക്കാൻ സ്ഥലം ഏർപ്പാടാക്കാമെന്ന് പറഞ്ഞ് രൂപേഷ് പറശ്ശിനിക്കടവിലെ ലോഡ്ജിലെത്തിച്ചെന്നും രൂപേഷും സുഹൃത്ത് മിഥുനും ചേർന്ന് ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചെന്നും യുവതി പൊലീസിൽ മൊഴി നൽകി.പ്രതികൾക്കെതിരെ തട്ടിക്കൊണ്ട് പോകലിനും സംഘം ചേർന്നുള്ള പീഡനത്തിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരുവരേയും കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.