Asianet News MalayalamAsianet News Malayalam

Periya Murder : പെരിയ ഇരട്ടക്കൊല, ബ്രാഞ്ച് സെക്രട്ടറി അടക്കം 5 സിപിഎമ്മുകാർ കൂടി അറസ്റ്റിൽ

നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽപ്പെടാത്ത 5 പേരെയാണ് സിബിഐ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇപ്പോൾ അറസ്റ്റിലായിരിക്കുന്നവരിൽ ഒരാൾ ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. 

Periya Double Murder Case Five CPIM Workers Arrested By CBI
Author
Periya, First Published Dec 1, 2021, 4:14 PM IST

കാസർകോട്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവരെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി സിബിഐ അറസ്റ്റ് ചെയ്തു. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരെയാണ് ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. സുരേന്ദ്രൻ - അഥവാ വിഷ്ണു സുര, ശാസ്താ മധു, റെജി വർഗീസ്, ഹരിപ്രസാദ്, രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ രാജു എന്നയാൾ കാസർകോട് ഏച്ചിലടക്കം ബ്രാഞ്ച് സെക്രട്ടറിയാണ്. 

സിബിഐ കേസേറ്റെടുത്ത് ആറ് മാസത്തിന് ശേഷമാണ് അറസ്റ്റുകളുണ്ടാകുന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് 14 പേരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽപ്പെടാത്ത 5 പേരെയാണ് സിബിഐ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ അഞ്ച് പേരെയും ഇന്ന് ഉച്ചയോടെ കാസർകോട് റസ്റ്റ് ഹൗസിലേക്ക് അന്വേഷണസംഘം വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം വൈകിട്ട് മൂന്നരയോടെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്. 

അറസ്റ്റിലായ എല്ലാവരും ഏച്ചിലടുക്കം ഭാഗത്ത് നിന്നുള്ളവർ തന്നെയാണ്. ഇരട്ടക്കൊലപാതകം നടന്ന കല്യോട്ടിന് സമീപമുള്ള സ്ഥലമാണ് ഏച്ചിലടുക്കം. അഞ്ച് സിപിഎം പ്രവർത്തകരെക്കൂടി അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിൽ റസ്റ്റ് ഹൗസ് പരിസരത്ത് വലിയ പൊലീസ് സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 

ഇത് വരെ കേസുമായി ബന്ധപ്പെട്ട് 19 പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതിൽ രണ്ട് പേർ ജാമ്യത്തിലാണ്. 

നേരത്തേ പെരിയ ഇരട്ടക്കൊലപാതകം അന്വേഷിക്കുന്ന സിബിഐ സംഘം സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പരിശോധിച്ച് മിനുട്‍സ് കസ്റ്റ‍ഡിയിലെടുത്തിരുന്നു. മാർച്ച് അഞ്ചിനായിരുന്നു ഈ പരിശോധന. ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി അനന്തകൃഷ്ണന്‍റെ നേതൃത്വത്തിൽ അന്ന് പരിശോധന നടത്തിയത്.

ഇരട്ടക്കൊലപാതകത്തിന് ശേഷം ഏറെ നാളുകളായി തുറക്കാത്ത ഓഫീസ് പാർട്ടി ഭാരവാഹികളെ വിളിച്ചുവരുത്തി തുറപ്പിച്ചായിരുന്നു പരിശോധന. ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട 2019 ഡിസംബർ 17-ന് ചേർന്ന ബ്രാഞ്ച് കമ്മിറ്റി യോഗത്തിന്‍റെ വിവരങ്ങളടങ്ങിയ മിനുട്‍സാണ് കസ്റ്റ‍ഡിയിലെടുത്തത്. കേസിലെ ഒന്നാം പ്രതി സിപിഎം മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ഏച്ചിലടുക്കത്തെ ഓഫീസിൽ ഗൂഢാലോചന നടത്തിയതായി കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ കൊല നടന്ന ദിവസം ബ്രാഞ്ച് യോഗം ഉണ്ടായിരുന്നെന്ന സാക്ഷിമൊഴിയുമുണ്ട്. എന്നാൽ ഈ ദിശയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയിരുന്നില്ല. ഫോൺവിളികൾ പരിശോധിച്ചതിൽ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് പാർട്ടി രേഖകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള സിബിഐ തീരുമാനം. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ അറസ്റ്റും നടന്നിരിക്കുന്നത്.

ഏച്ചിലടക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ നടന്ന റെയ്ഡിന് മുമ്പ് ഉദുമ ഏരിയ കമ്മിറ്റി ഓഫീസിലും സിബിഐ പരിശോധന നടത്തിയിരുന്നു. കൃത്യത്തിനു ശേഷം കൊലയാളി സoഘത്തിലെ നാല് പേർ ഒളിവിൽ കഴിഞ്ഞത് ഇവിടെയായിരുന്നു . പ്രതികൾ വസ്ത്രം കത്തിച്ച സ്ഥലവും സംഘം പരിശോധിച്ചു. ഉദുമ മുൻ ഏരിയ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠനെ കാസർകോഡ് ക്യാമ്പ് ഓഫീസിലേക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. കേസിലെ 14-ാം പ്രതിയായ മണികണ്ഠനാണ് പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. 

പെരിയ കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സുപ്രീംകോടതിയിലടക്കം സംസ്ഥാനസർക്കാർ അപ്പീൽ നൽകിയെങ്കിലും അതെല്ലാം തള്ളിപ്പോയിരുന്നു. വൻകിട അഭിഭാഷകരെ അടക്കം രംഗത്തിറക്കി വലിയ നിയമപോരാട്ടമാണ് സംസ്ഥാനസർക്കാർ ഈ കേസിൽ നടത്തിയത്. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളടക്കം ഉൾപ്പെടുന്ന
കേസിൽ സിബിഐ അന്വേഷണം ഒഴിവാക്കാൻ സർക്കാർ ലക്ഷങ്ങൾ ചെലവഴിച്ചു. സുപ്രീം കോടതിയിലെ മുൻ അഡീഷണൽ സോളിസ്റ്റർ ജനറൽമാരെ അടക്കം വാദത്തിനായി എത്തിച്ചതിന് 88 ലക്ഷത്തോളം രൂപ ഖജനാവിൽ നിന്ന് നൽകിയിരുന്നു. 

2019 ഫിബ്രവരി 17- നായിരുന്നു കാസർകോട്ട് കല്യോട്ട് വെച്ച് ബൈക്കിൽ സ‌ഞ്ചരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അക്രമിസംഘം കൊലപ്പെടുത്തുന്നത്. ബൈക്കിൽ പോകുകയായിരുന്ന ഇരുവരേയും പതിയിരുന്ന അക്രമിസംഘം വെട്ടി വീഴ്ത്തി. കൃപേഷ് സംഭവ സ്ഥലത്തും ശരത് ലാൽ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഒന്നാം പ്രതി സിപിഎം ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ ആസൂത്രണം ചെയ്തതാണ് കൊലപാതകമെന്നായിരുന്നു ക്രൈംബ്രാഞ്ച് കണ്ടെത്തൽ. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 12 പേരെ കൂടാതെ സിപിഎം ഉദുമ ഏരിയ സെക്രട്ടറി കെ എം മണികണ്ഠൻ, പെരിയ ലോക്കൽ സെക്രട്ടറി ബാലകൃഷ്ണൻ എന്നിവരെകൂടെ പ്രതി ചേർത്താണ് ക്രൈംബ്രാഞ്ച് കുറ്റപത്രം നൽകിയത്. എങ്കിലും ഹൈക്കോടതി സിംഗിൾ ബെഞ്ച് 2019 സെപ്റ്റംബർ 30-ന് കേസ് സിബിഐയ്ക്ക് കൈമാറുകയായിരുന്നു. 

Follow Us:
Download App:
  • android
  • ios