യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച മലപ്പുറം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രെയിനിയായി എത്തിയ യുവതിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കൈക്കലാക്കി, പിന്നീട് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു.  

കൊച്ചി : യുവതികളുടെ സ്വകാര്യ ദൃശ്യങ്ങൾ കൈക്കലാക്കി ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച ആൾ കൊച്ചിയിൽ പിടിയിലായിരിക്കുകയാണ്. മലപ്പുറം സ്വദേശി അജിത്തിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ സ്വകാര്യ വീഡിയോയും ഫോട്ടോയും കണ്ടെത്തിയിരുന്നു.

കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ മാനേജരായി ജോലി നോക്കുകയായിരുന്നു അജിത്ത്.ട്രെയിനിയായി എത്തിയ യുവതിയുടെ ഫോൺ വൈഫയ് ഉപയോഗവുമായി ബന്ധപ്പെട്ട് എന്ന പേരിൽ ഇയാൾ പലതവണ പരിശോധിച്ചു.യുവതിയുടെ ഫോണിലുണ്ടായിരുന്ന സ്വകാര്യ ദൃശ്യങ്ങൾ അവരറിയാതെ സ്വന്തം ഫോണിലേക്ക് അയച്ചു. മദ്യപിച്ചും അല്ലാതെയും പലതവണ ഇയാൾ യുവതിയെ ശല്യം ചെയ്തു.സ്ഥാപനത്തിൽ പരാതിപ്പെട്ടപ്പോൾ ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.

പിന്നാലെ യുവതിക്ക് അഞ്ജാത വാട്സാപ്പ് കോൾ വരികയും സ്വകാര്യ ദൃശ്യങ്ങൾ കയ്യിലുണ്ട് പണം തന്നില്ലെങ്കിൽ അവ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ആദ്യം ഗൗരവമായി എടുത്തില്ലെങ്കിലും നമ്പറിൽ നിന്ന് സ്വന്തം ഫോട്ടോകൾ ലഭിച്ചതോടെ യുവതി പൊലീസിൽ പരാതിപ്പെട്ടു. കേസെടുത്ത പൊലീസ് മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് ഇയാൾ ബെംഗളൂരുവിൽ ഉണ്ടെന്ന് അറിഞ്ഞത്.

പിടികൂടിയ പ്രതിയുടെ മൊബൈൽ പരിശോധിച്ചപ്പോഴാണ് നിരവധി സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ ഇയാളുടെ ഫോണിലുണ്ടെന്ന് പൊലീസ് കണ്ടെത്തിയത്. ഇയാളെ അറസ്റ്റ് ചെയ്തതോടെ കൂടുതൽ പേർ പരാതിയുമായി എത്തുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.