Asianet News MalayalamAsianet News Malayalam

വാഗ്ദാനങ്ങള്‍ നല്‍കി ആകര്‍ഷിക്കും; യുവാക്കളെ ലൈംഗിക തൊഴിലിലേക്ക് ക്ഷണിച്ചുള്ള തട്ടിപ്പുകള്‍ പെരുകുന്നു

 പണം നഷ്ടമാകുക മാത്രമല്ല പിന്നീട് ഇത്തരം സംഘങ്ങൾ ബ്ലാക്ക് മെയിൽ ചെയ്ത് വൻ തുക തട്ടിയെടുത്തതായും തട്ടിപ്പിനിരയായ ചെറുപ്പക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി. ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു

play boy jobs fraud cases reported
Author
Delhi, First Published Jun 23, 2021, 2:28 AM IST

ദില്ലി: രാജ്യത്ത് ലൈംഗിക തൊഴിലിന്‍റെ പേരിലുള്ള തട്ടിപ്പുകൾ പെരുകുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ ആകർഷകമായ വാഗ്ദാനങ്ങൾ നൽകി യുവാക്കളെ ലൈംഗിക തൊഴിലിലേക്ക് ക്ഷണിച്ചാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നത്. പണം നഷ്ടമാകുക മാത്രമല്ല പിന്നീട് ഇത്തരം സംഘങ്ങൾ ബ്ലാക്ക് മെയിൽ ചെയ്ത് വൻ തുക തട്ടിയെടുത്തതായും തട്ടിപ്പിനിരയായ ചെറുപ്പക്കാർ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണം തുടരുന്നു. ലൈംഗിക തൊഴിലിനായി ചെറുപ്പക്കാരെ സ്വാഗതം ചെയ് നിരവധി പരസ്യങ്ങള്‍ വരുന്ന നിരവധി ഇന്‍സ്റ്റഗ്രാം പ്രൊഫൈലുകളുണ്ട്. ലക്ഷ്യമിടുന്നത് 16 മുതൽ 25 വയസുവരെ പ്രായമായ കൗമാരക്കാരെയാണ്. ലൈംഗിക തൊഴിലിലേക്ക് ചെറുപ്പക്കാരെ ആവശ്യമുണ്ടെന്നും ജോലി നൽകാമെന്നും കാട്ടി സാമൂഹിക മാധ്യമങ്ങളിലെ പേജുകളും വെബ്സൈറ്റുകളും രാജ്യത്ത് നിരവധിയാണ്. സ്ത്രീ സൗഹൃദം, ഒപ്പം പണം ഇതാണ് ഇത്തരക്കാർ നൽകുന്ന വാഗ്ദാനം.

ലൈംഗിക വികാരങ്ങളെ ചൂഷണം ചെയ്ത് കൗമരാക്കാരെ അടക്കം കെണിയിൽ പെടുത്തിയാണ് ഇവരുടെ പ്രവർത്തനം. ഇത്തരം ഒരു റാക്കറ്റിന്‍റെ ചതിയിൽപ്പെട്ട് പണം നഷ്ടമായതിന്റെ കഥയാണ് തെക്കൻ ദില്ലി സ്വദേശികളായ കോളേജ് വിദ്യാർത്ഥികൾക്ക് പറയാനുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ കണ്ട പ്ലേബോയ് പരസ്യത്തിൽ ബന്ധപ്പെട്ടതോടെ വാട്സ് ആപ്പിലേക്ക് സന്ദേശം എത്തി.

ഇവരുടെ ഏജൻസിയിൽ ചേരാനായി രജിസ്ട്രേഷനായി 3000 രൂപ ആദ്യം നൽകണം. മാസം പത്തു സ്ത്രീകൾക്ക് സർവീസ് നൽകണം. സർവീസ് ഇഷ്ടപ്പെട്ടെന്ന് സ്ത്രീകൾ അറിയിച്ചാൽ കൂടുതൽ തുക അക്കൗണ്ടിൽ എത്തും. ഇങ്ങനെ വിവിധ ഓഫറുകളാണ് ലഭിച്ചത്. തുടർന്ന് പണം അടച്ചു. പിന്നീടവര്‍ ബ്ലോക്ക് ചെയ്തതോടെയാണ് തട്ടിപ്പാണെന്ന് മനസിലായത്.

അതേസമയം, പണം അടച്ചതിന് പിന്നാലെ വിളിയെത്തിയ വേറൊരു ചെറുപ്പക്കാരന് പറയാനുള്ളത് മറ്റൊരു കഥയാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കി പണം നൽകിയതോടെ മീറ്റിംഗിനായി സ്ത്രീയുടെ വിളിയെത്തി. ആദ്യഘട്ട മീറ്റിംഗിനും ചിത്രങ്ങൾക്കുമായി കൂടുതൽ തുക നൽകണം. എന്നാൽ താൽപര്യമില്ലെന്ന് അറിയിച്ചതോടെ വീട്ടുകാരെ അറിയിക്കുമെന്നും ഏജൻസിക്ക് നൽകിയ ചിത്രങ്ങൾ പുറത്തുവിടുമെന്നും ഭീഷണിയായി. നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളുടെ തട്ടിപ്പിൽ വീഴഴരുതെന്ന് ദില്ലി പൊലീസ് മുന്നറിയിപ്പ് നൽകുന്നത്. 

Follow Us:
Download App:
  • android
  • ios