കഞ്ചിക്കോട്: പാലക്കാട് കഞ്ചിക്കോട് ഹയർ സെക്കന്‍ററി സ്കൂളിലുണ്ടായ സംഘർഷത്തിൽ 2 പ്ലസ് വൺ വിദ്യാർത്ഥികൾക്ക് വെട്ടേറ്റു. ബികേഷ്, അജിത് എന്നിവർക്കാണ് വെട്ടേറ്റത്. സഹപാഠിയായ നിതീഷ് കുമാർ എന്ന പ്ലസ് ടു വിദ്യാർത്ഥിയാണ് വെട്ടിയതെന്നാണ് പരാതി. ഇന്ന് ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. പരീക്ഷ കഴിഞ്ഞ ശേഷം സ്കൂൾ കോമ്പൗണ്ടിൽ വെച്ചാണ് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായത്.

പ്ലസ് ടു വിദ്യാർത്ഥിയായ നിതീഷ് കുമാർ ബാഗിൽ കരുതിയ കൊടുവാൾ ഉപയോഗിച്ച് പ്ലസ് വൺ വിദ്യാർത്ഥികളായ ബികേഷ്, അജിത്ത് എന്നിവരെ വെട്ടിപരിക്കേൽപ്പിച്ചുവെന്നാണ് ആരോപണം. വിദ്യാർത്ഥികൾ തമ്മിൽ ഇതിന് മുൻപും സ്കൂളിൽ വെച്ച് അടിപിടിയുണ്ടായിട്ടുണ്ട്. പരിക്കേറ്റ ബികേഷിനെ തൃശൂർ മെഡിക്കൽ കോളേജിലും അജിത് പാലക്കാട് ജില്ലാശുപത്രിയിലും ചികിത്സയിലാണ്.

സംഭവത്തെ തുടർന്ന് നിതീഷ് കുമാർ ഒളിവിൽ പോയതായി പോലീസ് പറഞ്ഞു. പരിക്കേറ്റ രണ്ടു പേരും എബിവിപി പ്രവർത്തകരാണ്. നിതീഷ് കുമാർ എസ്എഫ്ഐ പ്രവർത്തകനാണ്. എന്നാൽ  സംഭവം രാഷ്ട്രീയ അക്രമല്ലെന്നും വ്യക്തി വൈരാഗ്യമാണെന്നുമാണ് പോലീസ് വിശദീകരണം. പാലക്കാട് കസബ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.