ലേസര്‍ ഘടിപ്പിച്ച തോക്ക്,അമ്പും വില്ലും,കൊച്ചു പിച്ചാത്തി മുതല്‍ വടിവാള്‍ വരെ മൂര്‍ച്ചയേറിയ പലയിനം ഉപകരണങ്ങള്‍, വെടിയുണ്ടയും, വെടിമരുന്നും. ഒപ്പം വേട്ടയാടിപ്പിടിച്ച രണ്ട്മ്ലാവുകളുടെ തലയും.

പത്തനാപുരം: വന്യമൃഗങ്ങളെ വേട്ടയാടി വില്‍ക്കുന്ന സംഘത്തിലെ നാലു പേര്‍ കൊല്ലം പത്തനാപുരത്ത് അറസ്റ്റില്‍. വനം വകുപ്പ് ഫ്ളയിംഗ് സ്ക്വാഡിന്‍റെ പരിശോധനയ്ക്കിടെയായിരുന്നു അറസ്റ്റ്. രണ്ട് മ്ലാവുകളുടെ അവശിഷ്ടവും തോക്കടക്കം ആയുധങ്ങളും പിടിച്ചെടുത്തു.

ലേസര്‍ ഘടിപ്പിച്ച തോക്ക്,അമ്പും വില്ലും,കൊച്ചു പിച്ചാത്തി മുതല്‍ വടിവാള്‍ വരെ മൂര്‍ച്ചയേറിയ പലയിനം ഉപകരണങ്ങള്‍, വെടിയുണ്ടയും, വെടിമരുന്നും. ഒപ്പം വേട്ടയാടിപ്പിടിച്ച രണ്ട്മ്ലാവുകളുടെ തലയും.ഇത്രയും സാധനങ്ങളുമായാണ് അലിമുക്ക് കറവൂര്‍ പാതയില്‍ നിന്ന് നാലംഗ സംഘത്തെ വനം വകുപ്പ് അറസ്റ്റ്ചെയ്തത്. കറവൂര്‍ സ്വദേശി അനില്‍ ശര്‍മ,സന്ന്യാസിക്കോണ്‍ സ്വദേശി ഷാജി,ഏറെ സ്വദേശിയകളായ ജയകുമാര്‍,പ്രദീപ് എന്നിവര്‍ വലിയ വേട്ട സംഘത്തിലെ ചെറു കണ്ണികള്‍ മാത്രമെന്നാണ് വനം വകുപ്പ്കണ്ടെത്തല്‍.

പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഞ്ചല്‍ മേഖലയിലെ ചില വീടുകളില്‍ വനം വകുപ്പ് പരിശോധന നടത്തി. ഇവിടെ നിന്ന് പിടിച്ചെടുത്ത ഇറച്ചി ഡിഎന്‍എ പരിശോധനയ്ക്കായി അയച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് മുളളന്‍പന്നിയെ വേട്ടയാടിയ കേസിലും ഈ സംഘം പ്രതികളാണെന്ന് വനം വകുപ്പ് അറിയിച്ചു. സംഘത്തിലെ മറ്റുളളവര്‍ക്കായി കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.