പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ഓട്ടോറിക്ഷ ഡ്രൈവറാണ് പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണി മുഴക്കിയത്.

മലപ്പുറം: പരാതി നല്‍കിയതിന്‍റെ പേരില്‍ പീഡനക്കേസ് പ്രതി മകളെ ഭീഷണിപെടുത്തുന്നുവെന്ന് പിതാവിന്‍റെ പരാതി. പോക്സോ കേസില്‍ പ്രതിയായ മലപ്പുറം ചട്ടിപ്പറന്പ് സ്വദേശിയാണ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുന്നത്. സംഭവത്തില്‍ കുട്ടിയുടെ പിതാവ് പ്രതിക്കെതിരെ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

പതിമൂന്നുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷ ഡ്രൈവറായ ഫിറോസ് എന്നയാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.കൊളത്തൂര്‍ പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നത്.കഴിഞ്ഞ വര്‍ഷം ഡിസംബറിലായിരുന്നു സംഭവം. പിന്നീട് ജാമ്യത്തിലിറങ്ങിയ പ്രതി കോടതി ഉത്തരവ് ലംഘിച്ച് നാട്ടിലെത്തി.

ഇതിനെതിരെ കുട്ടിയുടെ പിതാവ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി.ഈ വിരോധത്തില്‍ പ്രതി ഫിറോസ് സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്നതിനിടെ കുട്ടിയെ തടഞ്ഞു നിര്‍ത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് പിതാവിന്‍റെ പരാതി. ഇതില്‍ കൊളത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ നടപടിയുണ്ടായിട്ടില്ലെന്ന് കുട്ടിയുടെ പിതാവ് പറയുന്നു. ഭീഷണി കാരണം കുട്ടിക്ക് സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകാൻ ഭയമാണെന്നും പിതാവ് പറഞ്ഞു.