വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി 51 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്
പാലക്കാട്: ബാലികയെ പീഡിപ്പിച്ച കേസിൽ ബന്ധുവായ പ്രതിക്ക് 51 വർഷം കഠിന തടവും 120000 രൂപ പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പിന്നോക്ക വിഭാഗക്കാരിയായ ബാലികയെ പീഡിപ്പിച്ച കേസിലാണ് ബന്ധുവായ പ്രതി 55കാരനായ അഗസ്റ്റിന് ശിക്ഷ വിധിച്ചത്. ഇയാൾ ഷോളയൂർ സ്വദേശിയാണ്.
വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി 51 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി.സഞ്ജുവാണ് ശിക്ഷാ വിധി പ്രസ്താവിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയെ വെറുതെ വിട്ടു. 2018 മെയ് മാസത്തിൽ പലതവണ പ്രതി അന്യായക്കാരിയും കുടുംബവും താമസിക്കുന്ന വീട്ടിൽ വച്ചും കൃഷിസ്ഥലത്തുള്ള ഷെഡിൽ വച്ചും ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്.
ഷോളയൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ്ഐമാരായ സുധീഷ് കുമാർ, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ടി.ശോഭന ഹാജരായി. പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിച്ചു. 22 രേഖകൾ തെളിവിലേക്ക് സ്വീകരിച്ചു. പിഴ തുക ഇരയ്ക്ക് നൽകാനും പിഴ അടച്ചില്ലെങ്കിൽ 14 മാസം അധികം കഠിന തടവ് അനുഭവിക്കണമെന്നും ശിക്ഷാ വിധിയിൽ വ്യക്തമാക്കിയിട്ടുണ്ട്. 51 വർഷത്തേക്കാണ് ശിക്ഷ വിധിച്ചെങ്കിലും പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. എങ്കിലും ഇനിയുള്ള 20 വർഷം പ്രതി ജയിലിന് അകത്തായിരിക്കും.
അതേസമയം വീട്ടമ്മയെ കടന്നുപിടിച്ച കേസിൽ പ്രതിക്ക് ഒന്നര വർഷം തടവും 20000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്. മണ്ണാർക്കാട് കരിമ്പുഴ തോട്ടരയിൽ നടന്ന സംഭവത്തിൽ തോട്ടര പറമ്പോട്ട്കുന്ന് മുതീയിറക്കത്ത് റഷീദിനെയാണ് മണ്ണാർക്കാട് പട്ടികജാതി - പട്ടിക വർഗ പ്രത്യേക കോടതിയാണ് ശിക്ഷിച്ചത്. ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ 2017 ജൂലായ് 14 നാണ് സംഭവം നടന്നത്. പട്ടികജാതി വിഭാഗത്തിൽ പെട്ട പരാതിക്കാരി, വീട്ടിൽ കിണറിനു സമീപം പാത്രം കഴുകുന്നതിനിടെ പ്രതി റഷീദ് കടന്ന് പിടിച്ചുവെന്നാണ് കേസ്. വിവിധ വകുപ്പുകൾ പ്രകാരമുള്ള ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ, പ്രതി ഒരു വർഷം ജയിലിൽ കഴിഞ്ഞാൽ മതി.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം...

