പതിമൂന്ന് വയസുള്ള മകളെ പീഡിപ്പിച്ച് ​ഗർഭിണിയാക്കിയ കേസിൽ അച്ഛന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. 

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പതിമൂന്നുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവ് ശിക്ഷ. പ്രത്യേക പോക്സോ കോടതിയുടേത് വിധി. പതിനഞ്ച് ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയതിനാൽ വിധി പറയുന്നത് നീണ്ടിരുന്നു.

ക്രൂരപീഡനത്തിന് ശിക്ഷ മരണംവരെ തടവ്. തളിപ്പറമ്പ് സ്റ്റേഷൻ പരിധിയിലെ പതിമൂന്നുകാരി 2019 മുതൽ സ്വന്തം പിതാവിൽ നിന്ന് പീഡനത്തിന് ഇരയായി. കുട്ടി തല കറങ്ങി വീണതിനെ തുടർന്നുളള പരിശോധനയിലാണ് ഗർഭിണിയാണെന്ന് വ്യക്തമായത്. തുടക്കത്തിൽ മറ്റൊരു ബന്ധുവിന്‍റെ പേരാണ് കുട്ടി പൊലീസിനോട് പറഞ്ഞത്. കൌൺസിലിങ്ങിൽ പക്ഷേ അച്ഛനിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നുപറഞ്ഞു. പിതാവ് അപ്പോഴേക്കും വിദേശത്തേക്ക് പോയിരുന്നു.

പിന്നീട് ഇയാളെ നാട്ടിലെത്തിച്ച് അറസ്റ്റുചെയ്തു. വിചാരണ പൂർത്തിയായി കഴിഞ്ഞ ജൂലൈയിൽ വിധി പറയേണ്ട കേസായിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തിയെന്ന വിവരം കിട്ടിയ പൊലീസ് പിടികൂടുകയായിരുന്നു. വധശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. രണ്ട് വകുപ്പുകളിൽ മരണം വരെ തടവും ഒരു വകുപ്പിൽ 47 വർഷം തടവും പതിനഞ്ച് ലക്ഷം പിഴയും കോടതി വിധിച്ചു. ജഡ്ജ് ആർ.രാജേഷിന്‍റേതാണ് വിധി.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates