അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി.

കൊല്ലം: കൊല്ലത്ത് എക്‌സൈസ് നടത്തിയ മൂന്ന് റെയ്ഡുകളിലായി എംഡിഎംഎയും കഞ്ചാവും പിടികൂടി. സംഭവത്തില്‍ മയ്യനാട് പിണയ്ക്കല്‍ചേരി സ്വദേശി സജാദ്, ഇരവിപുരം സ്വദേശി സക്കീര്‍ ഹുസൈന്‍, വടക്കേവിള സ്വദേശി സഹദ് എന്നിവരാണ് പിടിയിലായത്. സജാദില്‍ നിന്ന് അഞ്ചു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് കണ്ടെടുത്തത്. സക്കീര്‍ ഹുസൈനില്‍ നിന്ന് രണ്ടു ഗ്രാം എംഡിഎംഎയും പിടികൂടി. സഹദിന്റെ കൈവശം ഒരു ഗ്രാം എംഡിഎംഎയും കഞ്ചാവുമാണ് ഉണ്ടായിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. 

എറണാകുളം ജില്ലയിലും വന്‍ ലഹരിമരുന്നു വേട്ട

പെരുമ്പാവൂർ: പെരുമ്പാവൂരില്‍ പൊലീസ് നടത്തിയ ലഹരിമരുന്നു വേട്ടയില്‍ വന്‍തോതില്‍ നിരോധിത പുകയില ഉത്പനങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ അതിഥി തൊഴിലാളികളെ പ്രതി ചേര്‍ത്ത് പത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. നിരോധിത പുകയില ഉത്പനങ്ങള്‍ വിറ്റ വകയില്‍ ലഭിച്ച 23,000 രൂപയും ഇവരില്‍ നിന്ന് കണ്ടെടുത്തു. ആലുവ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പൊലീസ് നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ രാസ ലഹരി കുത്തി വയ്ക്കാന്‍ ഉപയോഗിക്കുന്ന സിറിഞ്ചുകളും കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. 

ഇതിനിടെ അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസില്‍ നിന്നും രക്ഷപെട്ട കഞ്ചാവ് കേസ് പ്രതിയെ പിടികൂടി. ഒഡീഷ സ്വദേശി വിജയ ഗമാന്‍ഗയെയാണ് പിടികൂടിയത്. പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നത്. വിജയയുടെ സുഹൃത്തിന്റെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടിയിലായത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് പരിക്ക്

മലപ്പുറം: ചങ്ങരംകുളത്ത് ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. മുഹമ്മദ് അലി, ഹിഷാം എന്നിവരെയാണ് ഒരു സംഘം ആക്രമിച്ചത്. വൈകീട്ട് മൂന്നരയോടെ ഐനിച്ചോട് വച്ചാണ് സംഭവം. ഡ്രൈവറായ മുഹമ്മദ് അലിയെ ആക്രമിക്കുന്നതിനിടെ തടയാന്‍ ചെന്നപ്പോഴാണ് ഹിഷാമിന് മര്‍ദ്ദനമേറ്റത്. ഇരുവരെയും ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികള്‍ക്കായി അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. 

39 ദിവസം, പരിശോധിച്ചത് 10 ജില്ലകളിലെ 700 സിസി ടിവികൾ; ഒടുവില്‍ ജ്വല്ലറി മോഷ്ടാവ് പിടിയില്‍

YouTube video player