Asianet News MalayalamAsianet News Malayalam

ജാമിയ വെടിവെപ്പ്; തോക്ക് വിറ്റയാള്‍ അറസ്റ്റില്‍, നല്‍കിയത് 10,000 രൂപയ്ക്ക്

ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയായ അജിത് എന്നയാളെയാണ് പിടികൂടിയത്. 10,000 രൂപയ്ക്കാണ് അജിത് തോക്ക് വിറ്റതെന്നും പൊലീസ് പറഞ്ഞു. രണ്ട് വെടിയുണ്ടകളും ഇയാള്‍ തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത അക്രമിക്ക് നല്‍കിയത്

police arrested man who sold gun to jamia shooter
Author
Delhi, First Published Feb 3, 2020, 6:59 PM IST

ദില്ലി: ജാമിയ മിലിയ സര്‍വകലാശാലയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് നേരെ വെടിയുതിര്‍ത്ത 17കാരന് തോക്ക് വിറ്റയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ജെവാര്‍ സ്വദേശിയായ അജിത് എന്നയാളെയാണ് പിടികൂടിയത്. 10,000 രൂപയ്ക്കാണ് അജിത് തോക്ക് വിറ്റതെന്നും പൊലീസ് പറഞ്ഞു.

രണ്ട് വെടിയുണ്ടകളും ഇയാള്‍ തന്നെയാണ് പ്രായപൂര്‍ത്തിയാകാത്ത അക്രമിക്ക് നല്‍കിയത്.  ബന്ധുവിന്‍റെ വിവാഹ സല്‍ക്കാരത്തിന് വെടിയുതിര്‍ത്ത് ആഘോഷിക്കാനാണെന്നാണ് പറഞ്ഞാണ് അജിത്തില്‍ നിന്ന് തോക്ക് വാങ്ങിയതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഒരു തവണ മാത്രമാണ് ഇയാള്‍ വെടിയുതിര്‍ത്തത്.

ബാക്കി വന്ന ഒരു വെടിയുണ്ട 17കാരനില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. വീട്ടില്‍ നിന്ന് ഇറങ്ങും മുമ്പ് സോഹദരിയോട് ഇയാള്‍ പറഞ്ഞത് 'നിങ്ങള്‍ എന്നെങ്കിലും എന്നെപ്രതി അഭിമാനിച്ചിട്ടുണ്ട് ? ഇന്ന് മുതല്‍ അതുണ്ടാകും' എന്നായിരുന്നു. സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് അക്രമി വീട്ടില്‍നിന്ന് ഇറങ്ങിയത്. എന്നാല്‍ സ്കൂളിലേക്ക് പോകുന്നതിന് പകരം ഇയാള്‍ ദില്ലിയിലേക്ക് ബസ് കയറുകയായിരുന്നു. 

''അയാള്‍ക്ക് ഷഹീന്‍  ബാഗിലേക്കുള്ള വഴിയറിയില്ലായിരുന്നു. ഒരു ഓട്ടോ ഡ്രൈവര്‍ അയാളെ ജാമിയ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് സമീപം എത്തിച്ചു. റോഡ് അടച്ചതിനാല്‍ ഷഹീന്‍ ബാഗിലേക്ക് പോകാനാകില്ലെന്ന് അറിയിച്ചു. നടന്നുപോകാനും പറഞ്ഞു.'' - പൊലീസ് വ്യക്തമാക്കി. ജാമിയയിലെത്തിയ ഇയാള്‍ കണ്ടത് പ്രതിഷേധകരെയാണ്. ഒരു മണിക്കൂറിന് ശേഷം ഇയാള്‍ ഫേസ്ബുക്കില്‍ ലൈവ് വന്നു.

തുടര്‍ന്ന് പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കുകയായിരുന്നു. പ്രതിഷേധകര്‍ക്ക് നേരെ വെടിവയ്ക്കാനെത്തിയ ഇയാള്‍ തൊട്ടുമുമ്പ് നല്‍കിയ അവസാന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ നേരിടാന്‍ പോകുന്ന ഭവിഷ്യത്ത് മനസ്സിലാക്കിയാണ് നടപടിയെന്ന് വ്യക്തമാകുന്നു. ''എന്‍റെ അവസാനയാത്രയില്‍, എന്നെ കാവി വസ്ത്രം പുതയ്ക്കുക, ജയ് ശ്രീ റാം മുഴക്കുക'' എന്ന് അയാള്‍ പറയുന്നു.

'ഷഹീന്‍ ബാഘ് ഗെയിം അവസാനിക്കുന്നു' എന്നും മറ്റൊരു പോസ്റ്റില്‍ ഭീഷണിമുഴക്കുന്നുമുണ്ട്. അക്രമിയുടെ വെടിയേറ്റ് ഒരു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിരുന്നു. ഷദാബ് ഫറൂഖ് എന്ന വിദ്യാര്‍ത്ഥിക്കാണ് പരിക്കേറ്റത്. മാധ്യമപ്രവര്‍ത്തകരും പൊലീസും നോക്കി നില്‍ക്കെയായിരുന്നു വെടിവയ്പ്പ്.

Follow Us:
Download App:
  • android
  • ios