പരവൂര്‍ ഇടയാടി രാജു ഭവനത്തില്‍ അമല്‍, സഹോദരന്‍ അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ ബന്ധു കൂടിയായ ഇരുപത്തിനാലുകാരിയോടായിരുന്നു ഇരുവരുടെയും അതിക്രമം.

കൊല്ലം: പരവൂരില്‍ പെണ്‍കുട്ടിയെയും അമ്മയേയും നടുറോഡില്‍ അപമാനിച്ച യുവാക്കള്‍ അറസ്റ്റില്‍.അതിക്രമം ചോദ്യം ചെയ്ത പെണ്‍കുട്ടിയുടെ അച്ഛനെയും ഇരുവരും മര്‍ദിച്ചിരുന്നു. അറസ്റ്റിലായ യുവാക്കള്‍ സഹോദരന്‍മാരാണ്.

പരവൂര്‍ ഇടയാടി രാജു ഭവനത്തില്‍ അമല്‍, സഹോദരന്‍ അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരുടെ ബന്ധു കൂടിയായ ഇരുപത്തിനാലുകാരിയോടായിരുന്നു ഇരുവരുടെയും അതിക്രമം. പെണ്‍കുട്ടി റോഡിലൂടെ നടന്നു പോകുമ്പോള്‍ യുവാക്കള്‍ അശ്ലീല ചുവയോടെ സംസാരിച്ചു. 

ഒപ്പമുണ്ടായിരുന്ന കുട്ടിയുടെ അമ്മ ഇത് ചോദ്യം ചെയ്തു. ഇതോടെ യുവാക്കള്‍ അമ്മയെയും മകളെയും കടന്നു പിടിച്ചെന്ന് പൊലീസ് പറയുന്നു. അതിക്രമം കണ്ട് തടയാനെത്തിയ പെണ്‍കുട്ടിയുടെ പിതാവിനെ തളളി താഴെയിട്ടു. 

അക്രമം കണ്ട് നാട്ടുകാര്‍ കൂടിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നീടാണ് പെണ്‍കുട്ടിയും കുടുംബവും പരവൂര്‍ പൊലീസിനെ സമീപിച്ചതും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തതും. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.