മുസാഫിർന​ഗർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കുകയും വീഡിയോ എടുത്ത് ഒരു വർഷത്തിലേറെയായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കുകയും ചെയ്ത കുറ്റത്തിന് മുസാഫർനഗർ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. നയാബ് (21), പർവേസ് (22) എന്നിവരെയാണ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇവർ പെയിന്റിം​ഗ് തൊഴിലാളികളാണെന്ന് മുസാഫർനഗർ സീനിയർ സബ് ഇൻസ്പെക്ടർ മനോജ് യാദവ് പറഞ്ഞു. ഒരു വർഷം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ ഇവർ ജോലി ചെയ്യാൻ എത്തിയിരുന്നതായും അന്നുമുതല്‍ ഇവർ പെൺകുട്ടിയുമായി സൗഹൃദം ഭാവിക്കാൻ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. 

പെൺകുട്ടി ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ഇവർ ഇരുവരും ചേർന്ന് പെൺകുട്ടിയെ ഒരു ബന്ധുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഒരു വർഷത്തിലധികമായി ഇവർ പെൺകുട്ടിയെ ഉപദ്രവിച്ചുകൊണ്ടിരുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന്, പെൺകുട്ടിയുടെ കുടുംബം സംഭവത്തെക്കുറിച്ച് അറിയുകയായിരുന്നു. പീഡനത്തിനിരയായ പെൺകുട്ടിയുടെ അമ്മ  പ്രതികള്‍ക്കെതിരെ പരാതി നൽകി. ബുധനാഴ്ച പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു.