Asianet News MalayalamAsianet News Malayalam

കൊച്ചിയിൽ ക്രിക്കറ്റ് കളിക്കാനെത്തിയവരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

കൊവി‍‍ഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനാൽ പൊലീസ് സ്ഥലത്ത് പെട്രോളിങ് നടത്തിയിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് എത്തിയത്. 

Police beat  cricket players in Kochi
Author
Kochi, First Published Oct 13, 2020, 12:00 AM IST

കൊച്ചി: ഫോര്‍ട്ട്കൊച്ചിയിൽ ക്രിക്കറ്റ് കളിക്കാനെത്തിയവരെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. സംഭവത്തിൽ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകൾ പൊലീസ് സ്റ്റേഷനിലേക്ക് മാ‍ർച്ച് നടത്തി. എന്നാൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ക്രിക്കറ്റ് കളിക്കാനെത്തിയവരെ തടഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.

നെല്ലുവയലിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കള്‍ക്കാണ് പൊലീസിന്‍റെ മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കൊവി‍‍ഡ് വ്യാപനത്തെത്തുടർന്ന് സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനാൽ പൊലീസ് സ്ഥലത്ത് പെട്രോളിങ് നടത്തിയിരുന്നു. ഇതിനിടെയാണ് ക്രിക്കറ്റ് കളിക്കുന്നിടത്തേക്ക് എത്തിയത്. പൊലീസിനെ കണ്ടയുടനെ യുവാക്കൾ ചിതറിയോടി. ഇതിനിടെ ലാത്തി കൊണ്ട് പൊലീസ് മര്‍ദ്ദിച്ചെന്നാണ് പരാതി. മര്‍ദ്ദനത്തിൽ പരിക്കേറ്റ അഞ്ചുപേർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവത്തിൽ പ്രതിഷേധവുമായി തടിച്ചുകൂടിയ നാട്ടുകാര്‍ പൊലീസിനെ തടയുകയും ജീപ്പിന്‍റെ ചില്ലടിച്ച് തകര്‍ക്കുകയും ചെയ്തു. കണ്ടാൽ അറിയാവുന്ന 25 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മര്‍ദനത്തിൽ പ്രതിഷേധിച്ച് വിവിധ യുവജന സംഘടനകൾ ഫോര്‍ട്ട്കൊച്ചി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ക്രിക്കറ്റ് കളിച്ചവരെ മർദ്ദിച്ചിട്ടില്ലെന്നും പൊലീസിനെ കണ്ടപ്പോൾ ഓടിയതിനെത്തുടര്‍ന്നാകാം ഇവര്‍ക്ക് പരിക്കേറ്റതെന്നുമാണ് പൊലീസ് വാദം. സംഭവത്തിൽ വിശദമായ റിപ്പോര്‍ട്ട് നൽകാൻ ഫോര്‍ട്ട് കൊച്ചി എസി പി ലോക്കൽ പൊലീസിനോട് ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios