ഉത്തർപ്രദേശിലെ ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലാണ് താർ ജീപ്പ് ഉടമസ്ഥർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വാഹനം ഓടിച്ച യുവാവിനെ അറസ്റ്റ് ചെയ്തതായും പൊലീസ് വിശദമാക്കി
ഇന്ദിരാപുരം: വൈറൽ റീലിനായി ഫുട്പാത്തിലൂടെ ചീറിപ്പായിച്ച ആഡംബര വാഹനം പിടിച്ചെടുത്ത് പൊലീസ്. വൈറൽ വീഡിയോ ഷൂട്ടിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ വലിയ രീതിയിൽ രൂക്ഷ വിമർശനം ഉയർന്നിരുന്നു. വീഡിയോ പൊലീസ് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെയാണ് നടപടിയെത്തുന്നത്. ഗാസിയാബാദ് ഡിസിപിയാണ് താറിനെ കസ്റ്റഡിയിലെടുത്തതായി വിശദമാക്കിയത്.
ഉത്തർപ്രദേശിലെ ഇന്ദിരാപുരം പൊലീസ് സ്റ്റേഷനിലാണ് താർ ജീപ്പ് ഉടമസ്ഥർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വാഹനം ഓടിച്ച യുവാവിനെ മോട്ടോർ വെഹിക്കിൾ നിയമം അനുസരിച്ച് അറസ്റ്റ് ചെയ്തതായും പൊലീസ് വിശദമാക്കി. ഇത്തരം സംഭവങ്ങൾ തുടർന്നുണ്ടാകാതിരിക്കാൻ കർശനമായ നടപടി സ്വീകരിക്കുമെന്നും പൊലീസ് വിശദമാക്കി. ഒരാൾ ഫൂട്‍പാത്തിലൂടെ താർ ഓടിച്ചു പോകുന്ന കാഴ്ച വാഹനത്തിന് പിന്നിലായി മറ്റൊരു വാഹനത്തിലുണ്ടായിരുന്നയാളാണ് വീഡിയോ പകർത്തിയത്.
വീഡിയോയിൽ നമ്പർ പ്ലേറ്റ് വ്യക്തമായി കാണാം. പൊലീസിനെ ടാഗ് ചെയ്തായിരുന്നു വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ഇന്ദിരാപുരത്തെ എൻഎച്ച് 9 സർവീസ് റോഡിൽ നിന്നുള്ള കാഴ്ചയെന്ന് വ്യക്തമാക്കുന്നതായിരുന്നു വീഡിയോ. വീഡിയോ എടുക്കുന്നതായി മനസിലായതോടെ ഫുട്പാത്തിലൂടെ തന്നെ താർ ചറിപ്പായിപ്പിക്കാനും പിന്നീട് റോഡിലൂടെ വീഡിയോ ചിത്രീകരിക്കുന്നവരെ ചീത്ത പറഞ്ഞ് പാഞ്ഞ് പോവുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു. വൈറൽ റീലിനായി സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന നടപടിയെന്നാണ് വീഡിയോയ്ക്ക് വലിയ രീതിയിൽ ലഭിച്ച വിമർശനം.
