ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര‍്ത്ത നല്‍കിയതോടെ പൊലീസിന് പല സ്ഥലങ്ങളില്‍ നിന്നും വിളിയെത്തി.
കോഴിക്കോട്: പന്തീരാങ്കാവില്‍ പത്തൊന്‍പതുകാരന്‍റെ മരണത്തിന് ഇടയായ അപകടമുണ്ടാക്കി കടന്നു കളഞ്ഞ കാര്‍ പൊലീസ് കണ്ടെത്തി. പാലായില്‍ നിന്നാണ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മാസം 24 ന് രാത്രി ഏഴരയ്ക്കാണ് കൊടല്‍നടക്കാവില്‍ വച്ച് വെള്ളിപറമ്പ് പൊക്കാരത്ത് ആദില്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാറ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തെറിച്ച് വീണ 19 വയസുകാരന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
അപകടം നടത്തിയ കാര്‍ നിര്‍ത്താതെ പോയതോടെ കാര്‍ കണ്ടെത്താനുള്ള ശ്രമത്തിലായി പൊലീസ്. ദൃക്സാക്ഷികളോ സിസി ടിവി ദൃശ്യങ്ങളോ ഉണ്ടായിരുന്നില്ല. മാരുതി കമ്പനിയുടെ എര്‍ട്ടിക മോഡല്‍ വെള്ള കാറാണ് അപകടമുണ്ടാക്കിയതെന്ന് പൊട്ടി വീണ ബംപര് ഭാഗത്തില്‍ നിന്ന് പൊലീസ് കണ്ടെത്തി.
കാര്‍ കണ്ടെത്താന്‍ പന്തീരാങ്കാവ് പൊലിസ് സാമൂഹിക മാധ്യങ്ങള്‍ വഴി വ്യാപക പ്രചാരണം നടത്തി. അപകടത്തില്‍ കാറില്‍ നിന്ന് ഇളകി വീണ ഭാഗത്തിന്‍റെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രചാരണം. ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര‍്ത്ത നല്‍കിയതോടെ പൊലീസിന് പല സ്ഥലങ്ങളില്‍ നിന്നും വിളിയെത്തി.
ഒരാള്‍ നല്‍കിയ വിവരമനുസരിച്ച് ഒടുവില്‍ അപകടമുണ്ടാക്കിയ കാര്‍ കണ്ടെത്തി. എറണാകുളത്ത് ടാക്സിയായി ഓടുന്ന കെ.എല്‍ 24 ടി 3285 മാരുതി എര്‍ട്ടികയുടെ പുതിയ മോഡല്‍ ടൂര്‍ എം കാറായിരുന്നു ഇത്. കൊട്ടാരക്കര സ്വദേശി സുരേഷ് എന്നയാളുടെ ഉടമസ്ഥതയില്‍ ഉള്ളത്. ഇദ്ദേഹത്തിന്‍റെ മകളുടെ ഭര്‍ത്താവ് കൊല്ലം ഇരവിപുരം സ്വദേശി ആര്‍. രജ്ഞിത്താണ് അപകടമുണ്ടാക്കിയത്. ഇയാളാണ് ഈ കാര‍് സ്ഥിരം ഓടിക്കുന്നതെന്നും പൊലീസ് പറയുന്നു. അപകടം നടന്നതിന്‍റെ പിറ്റേ ദിവസം തന്നെ എറണാകുളം എളമക്കരയിലെ ഒരു വര്‍ക്ക് ഷോപ്പില്‍ കാര്‍ നന്നാക്കാനായി എത്തിച്ചിരുന്നു.
പേരാമ്പ്രയില്‍ പോയി തിരിച്ച് എറണാകുളത്തേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതും നിര്‍ത്താതെ പോയതും. കോട്ടയത്ത് വച്ച് അപകടമുണ്ടായി എന്ന് പറഞ്ഞാണ് ഇന്‍ഷുറന്‍സ് ക്ലെയിമിനായി അപേക്ഷിച്ചതെന്നും പൊലീസ് കണ്ടെത്തി. പൊട്ടിപ്പൊയ ബംപര്‍ മാറ്റി കഴിഞ്ഞ മാസം 27 ന് തന്നെ കാര്‍ വീണ്ടും നിരത്തിലിറക്കിയിരുന്നു.
പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞതോടെ പാലാ മേവടയിലുള്ള ഒരു ബന്ധുവിന്‍റെ വീട്ടിലേക്ക് രഞ്ജിത്ത് കാര്‍ മാറ്റിയിരുന്നു. ഇവിടെ നിന്നാണ് പന്തീരാങ്കാവ് പൊലിസ് കാര്‍ കസ്റ്റഡിയില്‍ എടുത്തത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ, അപകടമുണ്ടാക്കിയിട്ടും പൊലീസിനെ അറിയിക്കാതിരിക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ രജ്ഞിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. അടുത്ത ദിവസം ഇയാളെ അറസ്റ്റ് ചെയ്യും.
