Asianet News MalayalamAsianet News Malayalam

ആലുവയില്‍ നഷ്ടമായത് ഏഴ് ജ്വല്ലറികളുടെ സ്വര്‍ണം; ശുദ്ധീകരണശാലയെകുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് പോലീസ്

ആലുവ എടയാറിലെ സിആർജി മെറ്റലേഴ്സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ്വർണം കാറില്‍ കൊണ്ടുവരുന്നുണ്ടെന്ന് രണ്ടംഗസംഘത്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. 

police have less information on gold purifying center in aluva
Author
Aluva, First Published May 10, 2019, 6:46 PM IST

കൊച്ചി:  ആലുവയില്‍ മോഷ്ടാക്കള്‍ കവ‍ർന്ന കോടികള്‍ വിലമതിക്കുന്ന സ്വർണം നഗരത്തിലെ ഏഴ് ജ്വല്ലറികളുടേത്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. എന്നാല്‍ പരസ്പര വിരുദ്ധമായാണ്  ഇവർ  മൊഴി നല്‍കുന്നതെന്നാണ് പോലീസ് വിശദീകരണം. ആലുവ എടയാറിലെ സിആർജി മെറ്റലേഴ്സ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി നഗരത്തിലെ പ്രമുഖ ജ്വല്ലറികളില്‍ നിന്നടക്കമുള്ള 22 കിലോ സ്വർണം കാറില്‍ കൊണ്ടുവരുന്നുണ്ടെന്ന് രണ്ടംഗസംഘത്തിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തല്‍. 

ഫാക്ടറിയിലേക്ക് കാർ വരുന്ന വഴിയില്‍ രണ്ടുപേർ ബൈക്കില്‍ കാത്തുനിന്നു. കാറിന്‍റെ ചില്ലുകള്‍ തകർത്ത് സ്വർണം കൈക്കലാക്കിയശേഷം രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. ഇരുവരും ആ സമയത്ത് മദ്യപിച്ചശേഷം വലിച്ചെറിഞ്ഞ ബിയർ കുപ്പികള്‍ പോലീസ് പരിശോധനയില്‍ കണ്ടെടുത്തു. മദ്യകുപ്പിയിലെയും അക്രമികള്‍ തകർത്ത കാറിലെയും വിരലടയാളങ്ങള്‍ ഒന്നുതന്നെയാണെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ വാഹനത്തിലുളളവർ കാര്യമായ ചെറുത്തുനിൽപ് നടത്തിയതിന്‍റെ ലക്ഷണങ്ങളില്ല. തങ്ങൾക്കു നേരെ കുരുമുളക് സ്പ്രേ തളിച്ചെന്നാണ് ഇവരുടെ മൊഴി. 

അക്രമികള്‍ സ്വർണവുമായി ബൈക്കില്‍ അധികദൂരം പോയിട്ടില്ലെന്നും  വഴിയില്‍വച്ച് സ്വർണം മറ്റാർക്കോ കൈമാറിയിരിക്കാമെന്നാണ് പൊലീസ് നിഗമനം. കൃത്യത്തില്‍ കൂടുതല്‍ പേർ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പോലീസ് കരുതുന്നു. സംഭവവുമായി ബന്ധപ്പെട്ട് 4 പേരെയാണ് ഇതുവരെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ ഇവരുടെ മൊഴി പരസ്പര വിരുദ്ധമാണ്. അതേസമയം കോടികള്‍ വിലമതിക്കുന്ന സ്വർണം സംസ്കരിച്ചെടുക്കുന്ന ഈ ശുദ്ധീകരണശാലയെകുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ലെന്ന് പോലീസും സമ്മതിക്കുന്നുണ്ട്. സ്വർണത്തിന്‍റെ സ്രോതസ് അടക്കമുളള കാര്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

Follow Us:
Download App:
  • android
  • ios