Asianet News MalayalamAsianet News Malayalam

'കള്ളൻ പൊലീസാണ്'; കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച പൊലീസുകാരൻ കുടുങ്ങി

കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയ സംഭവത്തിലാണ് കള്ളൻ പൊലീസാണെന്ന് വ്യക്തമായത്

police officer stolen  mangoes from fruit shop
Author
First Published Oct 4, 2022, 2:49 PM IST

കോട്ടയം: പഴക്കടയിൽ നിന്നും മാമ്പഴം മോഷ്ടിച്ച സംഭവത്തിൽ പൊലീസുകാരൻ കുടുങ്ങി. കാഞ്ഞിരപ്പള്ളിയിലെ പഴക്കടയിൽ നിന്നും മാമ്പഴം മോഷണം പോയ സംഭവത്തിലാണ് കള്ളൻ പൊലീസാണെന്ന് വ്യക്തമായത്. കടയിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസറായ പി.വി.ഷിഹാബാണ് മാമ്പഴം മോഷ്ടിച്ചതെന്ന് തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. 

 കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങുന്നതിനിടെ  ആണ് പൊലീസുകാരൻ കടയ്ക്ക് പുറത്ത് വച്ച മാമ്പഴം അടിച്ചു മാറ്റിയത്. പുലര്‍ച്ചെ നാല് മണിയോടെ കടയ്ക്ക് മുന്നിലെത്തിയ ഷിഹാബ് കിലോയ്ക്ക് അറുന്നൂറ് രൂപ വിലയുള്ള പത്ത് കിലോയോളം മാങ്ങ എടുത്തു പോകുകയായിരുന്നു. 

വഴിയിരകിൽ പ്രവ‍ര്‍ത്തിക്കുന്ന കടയിലേക്ക് എത്തിയ പൊലീസുകാരൻ പരിസരത്തൊന്നും ആരുമില്ല എന്നൊന്നും ഉറപ്പാക്കിയ ശേഷമാണ് ആറായിരം രൂപയോളം വിലയുള്ള മാമ്പഴം എടുത്തത്. എന്നാൽ കടയുടെ മുകളിൽ സ്ഥാപിച്ച സിസിടിവി ക്യാമറ ഇദ്ദേഹം കണ്ടിരുന്നില്ല. ജനറൽ ആശുപത്രിയിലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു പൊലീസുകാരൻ എന്നാണ് വിവരം. പൊലീസ് യൂണിഫോമിൽ എത്തിയാണ് ഇയാൾ മോഷണം നടത്തിയത് എന്നതാണ് കൗതുകം.  

സിസിടിവി ക്യാമറ ദൃശ്യങ്ങളടക്കം വ്യക്തമായ തെളിവുകൾ ഉള്ളതിനാൽ സേനയ്ക്ക് ആകെ നാണക്കേടുണ്ടാക്കിയ ഷിഹാബിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. ഇയാൾക്കെതിരെ നേരത്തേയും സമാനമായ രീതിയിലുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് പല കേസുകളിലും പ്രതിയാണെന്നുമാണ് സൂചന. മുണ്ടക്കയം സ്റ്റേഷനിൽ ഐടി ആക്ട് അടക്കമുള്ള വിവിധ വകുപ്പുകളിലെ കേസുകളിൽ ഷിഹാബ് പ്രതിയാണ്. ഇങ്ങനെ രണ്ട് കേസുകളിലെ പ്രതിയാണ് ഇയാൾ എന്നാണ് കോട്ടയത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ അനൗദ്യോഗികമായി നൽകുന്ന വിവരം. 

Follow Us:
Download App:
  • android
  • ios