കൊച്ചി: പെരുമ്പാവൂരിൽ നഗര മധ്യത്തിൽ 42 കാരിയെ തൂമ്പ ഉപയോഗിച്ച് തലയ്ക്കടിച്ച് ബോധംക്കെടുത്തി ബലാത്സംഘം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെക്കുറിച്ച് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. പ്രതി പലതരത്തിലുളള മയക്കു മരുന്നുകൾ ഉപയോഗിക്കുന്നയാളാണെന്ന് പൊലീസ് കണ്ടെത്തി. ആസാമിലായിരുന്നപ്പോഴും സ്ഥിരമായി സ്ത്രീകളെ ആക്രമിക്കുന്ന സ്വഭാവമുള്ളയാളായിരുന്നു എന്ന പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. 

ആസാം സ്വദേശിയായ ഉമർ അലി മയക്കു മരുന്ന് ഉപയോഗിച്ച ശേഷമാണ് പെരുമ്പൂാവൂരില്‍ ക്രൂരമായ കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. പ്ലൈവുഡ് ഫാക്ടറികളിലും ചെരുപ്പു നന്നാക്കുന്നവരും ഉപയോഗിക്കുന്ന പലതരത്തിലുള്ള പശകൾ പ്രത്യേക അനുപാതത്തിൽ ചേർത്ത് ചൂടാക്കി ലഹരിക്ക് വേണ്ടി ഉപയോഗിക്കുന്ന പതിവ് ഇയാൾക്ക് ഉണ്ടായിരുന്നു. മുമ്പ് ഇയാൾ ഇത് പരസ്യമായി ഉപയോഗിക്കുന്ന ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. 

ഒരു വർഷം മുമ്പാണ് ഇയാൾ പെരുന്പാവൂരിലെത്തിയത്. മിക്ക സമയത്തും ടൗണിൽ അലഞ്ഞു തുരിഞ്ഞ് നടക്കുമായിരുന്നു. കൊലപാതകത്തിനു ശേഷം ഇയാളുടെ സ്വഭാവത്തെക്കുറിച്ച് മനസ്സിലാക്കാൻ പൊലീസ് സ്വദേശമായ ആസമിലെ സദറിലും അന്വേഷണം നടത്തി. മറ്റൊരു കേസന്വേഷണവുമായി ബന്ധപ്പെട്ട് ആസാമിലുണ്ടായിരുന്ന പെരുന്പാവൂർ സിഐയും സംഘവുമാണ് അന്വേഷണം നടത്തിയത്. അവിടെയും സ്ത്രീകളെ ആക്രമിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ പെരുന്പാവൂർ മേഖലയിൽ ഇയാൾക്കെതിരെ മറ്റു കേസുകളില്ല. 

ഇതിനിടെ ഉമർ സ്ത്രീയെ കൊലപ്പെടുത്തുന്ന സിസിടിവി രംഗങ്ങൾ പുറത്തു വന്നു. ഇരുപതിലധികം തവണയാണ് ഇയാൾ തൂന്പ കൊണ്ട് സ്ത്രീയെ വെട്ടിയത്.  ബലാൽസംഘത്തിനിടെ കൈകൾ അനക്കിയപ്പോഴും തൂന്പകൊണ്ട് കൈക്കിട്ട് വെട്ടുന്നതും ദൃശ്യങ്ങളിൽ ഉണ്ട്. പീഡനത്തിനു ശേഷം മൂന്നു തവണ വെട്ടി മരണം ഉറപ്പാക്കിയ ശേഷമാണ് ഉമർ സ്ഥലം വിട്ടത്.  കൂടുതൽ അന്വേഷണത്തിനായി ഉമറിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ തിങ്കളാഴ്ച പൊലീസ് അപേക്ഷ നൽകും.