ബംഗളൂരു: ഭക്ഷണം എത്തിച്ചു കൊടുക്കുന്നതിനിടെ തെരുവുനായയെ നിഷ്ഠൂരമായി അടിച്ചു കൊന്ന 25 കാരനെതിരെ പൊലീസ് കേസെടുത്തു. ബംഗളൂരുവിൽ ഫുഡ് ഡെലിവറി ബോയ് ആയ തേജയ്ക്കെതിരെയാണ് എപിസി വകുപ്പ്  428 പ്രകാരം (വിഷം നൽകിയോ ആയുധങ്ങൾ ഉപയോഗിച്ചോ മൃഗങ്ങളെ കൊലപ്പെടുത്തൽ) കേസെടുത്തത്.

ബംഗളൂരു ബന്ദേൽപ്പാളയയിലെ അപ്പാർട്ട്മെന്‍റിൽ ഭക്ഷണവുമായി എത്തി ഗേറ്റിനരികിൽ കാത്തുനിൽക്കുമ്പോഴാണ് തെരുവുനായ്ക്കൾ ഇയാളെ വളഞ്ഞത്. വടിയെടുത്ത് നായ്ക്കളെ ഓടിച്ചെങ്കിലും ഒന്ന് പോവാതെ തന്നെ ചുറ്റിപ്പറ്റി നിൽക്കുകയായിരുന്നു. കലിപൂണ്ട തേജ വടിയെടുത്ത് അതിനെ അടിച്ചു കൊല്ലുകയായിരുന്നു.

പലരും ദൃശ്യങ്ങൾ മൊബൈൽ ക്യാമറകളിൽ പകർത്തിയതോടെ സംഭവം വിവാദമായി. മൃഗക്ഷേമ വകുപ്പ് ഓഫീസറായ ഹരീഷ് കെബി നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസെടുത്തത്.