തൊടുപുഴ: തൊടുപുഴയില്‍ ഏഴുവയസുകാരനെ ക്രൂരമായി മര്‍ദ്ദിക്കാന്‍ പ്രേരിപ്പിച്ചത് ഇളയകുട്ടി സോഫയില്‍ മൂത്രമൊഴിച്ചത്. മര്‍ദനകാരണം തൊടുപുഴ ഡിവൈഎസ്പി കെ പി ജോസാണ് വിശദമാക്കിയത്. അതിക്രൂരമായ മര്‍ദനമാണ് കുട്ടി നേരിട്ടത്. ചവിട്ടിയ ശേഷം  ഇടിച്ചു. പിന്നീട് ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞു. അരുൺ ആനന്ദിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും ഡി വൈ എസ് പി വ്യക്തമാക്കി. 

വ്യാഴാഴ്ച പുലർച്ചെയാണ് തലയോട്ടി പൊട്ടിയ നിലയിൽ കുഞ്ഞിനെ അമ്മയും സുഹൃത്തായ അരുൺ ആനന്ദും ചേർന്ന് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ കൊണ്ടുവരുന്നത്. രക്തത്തിൽ കുളിച്ച കുഞ്ഞിന്‍റെ തലച്ചോറ് പുറത്തു വന്ന നിലയിലായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ഡോക്ടർമാർ ചോദിച്ചപ്പോൾ കുട്ടിയുടെ അമ്മ ആദ്യം സോഫയിൽ നിന്ന് വീണ് തല പൊട്ടിയെന്നാണ് പറഞ്ഞത്. എന്നാൽ കുട്ടിയെ പരിശോധിച്ച ഡോക്ടർമാർക്ക് സംശയം തോന്നി. ബലമുള്ള എന്തോ വസ്തു വച്ച് തലയിലടിച്ച പോലെയായിരുന്നു കുട്ടിയുടെ പരിക്കുകൾ.

കുട്ടിയുടെ പരിചരണത്തിനായിരുന്നു ആദ്യ പരിഗണന നൽകേണ്ടത് എന്നതിനാൽ ആദ്യം ഡോക്ടർമാർ കുഞ്ഞിന് അടിയന്തരശസ്ത്രക്രിയ നടത്തി. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി കുട്ടിയുടെ അമ്മയുടെ സുഹൃത്തായ അരുൺ ആനന്ദിനോട് വിശദാംശങ്ങൾ ചോദിച്ചു. എന്നാൽ ചോദ്യം ചെയ്യലിനോട്  സഹകരിക്കാനോ പൊലീസ് നിർദേശിച്ചതു പോലെ ആംബുലൻസിൽ കയറാനോ ഇയാൾ തയ്യാറായില്ല.  അരുൺ ലഹരിയിലായിരുന്നു എന്നാണ് പൊലീസ് നൽകുന്ന വിവരം. എട്ട് മാസമായി അരുൺ ആനന്ദിനൊപ്പം താമസിക്കുകയായിരുന്നു ഈ യുവതിയും രണ്ട് കുട്ടികളും. കുട്ടികളുടെ അച്ഛൻ ഒരു വർഷം മുമ്പ് മരിച്ചിരുന്നു. ഇതിന് ശേഷമാണ് അരുണിനൊപ്പം യുവതി തൊടുപുഴയിൽ വന്ന് താമസമാക്കിയത്. ഏഴ് വയസ്സുകാരനെ ഒരു മാസം മുമ്പ് മാത്രമാണ് സ്കൂളിൽ ചേർത്തത്. 

തന്നെയും കുട്ടികളെയും ഇയാൾ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നാണ് യുവതി മൊഴി നൽകിയത്. ആദ്യം ഉണ്ടായ കാര്യങ്ങൾ പൊലീസിനോട് പറയാതിരുന്നത് അരുൺ ആനന്ദിനെ ഭയന്നാണ്. ഇയാൾ മാരകമായി ഉപദ്രവിക്കാറുണ്ടെന്നും തുറന്ന് പറയാൻ ഭയമായിരുന്നെന്നും യുവതി പറയുന്നു. ഇവരുടെ മുഖത്തും കണ്ണിലും അടി കൊണ്ട് നീര് വന്ന് വീർത്ത പാടുകളുണ്ട്. അന്ന് രാത്രി യുവതിയും അരുണും പുറത്ത് പോയി വന്നപ്പോൾ ഇളയ കുഞ്ഞ് സോഫയിൽ മൂത്രമൊഴിച്ചത് കണ്ടു. അരുൺ മദ്യപിച്ച നിലയിലായിരുന്നു. മൂത്ത കുട്ടിയോട് എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഉത്തരം കിട്ടാതായതോടെ കുഞ്ഞിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.