കൊച്ചി: അസമയത്ത് കൂത്താട്ടുകുളം മേഖലയിൽ ആവശ്യമില്ലാതെ കറങ്ങി നടക്കുന്നർ സൂക്ഷിക്കുക. നിങ്ങളുടെ നീക്കങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം പിന്നാലെയുണ്ടാകും. മജിസ്ട്രേറ്റിന്‍റെ വീട്ടിൽ വരെ മോഷണം നടന്നതോടെയാണ് കള്ളനെ പിടിക്കാൻ പൊലീസിനൊപ്പം കൂത്താട്ടുകുളത്തെ നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്. കൂത്താട്ടുകുളം ജനമൈത്രി പൊലീസാണ് പൊതുജന സഹകരണത്തോടെയുള്ള കള്ളന്മാരെ കുടുക്കാൻ പെട്രോളിംഗ് തുടങ്ങിയത്.

പൊതുജനങ്ങളിൽ നിന്നു തിരഞ്ഞെടുക്കുന്ന നാലു പേരും ഒരു പൊലീസ് ഉദ്യോഗസ്ഥനുമടങ്ങുന്ന സംഘങ്ങളാണ് കൂത്താട്ടുകുളം മേഖലയിൽ രാത്രികാല പെട്രോളിംഗ് നടത്തുന്നത്. പല സംഘങ്ങളായി തിരിഞ്ഞ് ഇവർ റോന്തു ചുറ്റും. പൊലീസ് വാഹനത്തിനു പുറമെ സ്വകാര്യ വാഹനങ്ങളിലും പെട്രോളിങ്ങുണ്ട്. അർദ്ധരാത്രി മുതൽ പുലർച്ചെ നാലു മണിവരെയാണ് പരിശോധന. ഓരോ സംഘവും രണ്ടു മണിക്കൂർ വീതം നിരീക്ഷണം നടത്തും. പെട്രോളിം​ഗ് സംഘാംഗങ്ങൾക്ക് പെരുമാറ്റ രീതികളെക്കുറിച്ച് പരിശീലനവും നൽകും.

മാറിക, മുത്തോലപുരം എന്നീ മേഖലകളിൽ പ്രവാസികളുടെ അടച്ചിട്ട വീടുകൾ,സ്കൂൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവ കുത്തിത്തുറന്ന് നിരവധി മോഷണങ്ങൾ നടന്നിരുന്നു. ഈ സംഭവങ്ങളിലൊന്നും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ടിന്റെ തിരുമാറാടിയിലെ വാടകവീട്ടിലും മേഷണം നടന്നു. മജിസ്ട്രറ്റും കുടുംബവും വീട്ടിലില്ലാതിരുന്ന സമയത്ത് അകത്തു കടന്ന മോഷ്ടാക്കൾ ഇവിടെ നിന്നും പണം മോഷ്ടിച്ചിരുന്നു. കള്ളന്മാരെ കൊണ്ട് പൊറുതി മുട്ടിയപ്പോഴാണ് പൊതു ജനങ്ങളുടെ കൂടി സഹകരണത്തോടെ മോഷ്ടാക്കളെ വേഗം പിടികൂടാൻ പൊലീസ് രംഗത്തിറങ്ങിയത്.

"