കൊച്ചി: എറണാകുളം പോത്താനിക്കാട് വീട്ടുജോലിക്കാരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സജീവനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കോതമംഗലം ജുഡിഷ്യൽ സെക്കന്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. പ്രതിയെ സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് പോത്താനിക്കാട് കോഴിഫാം നടത്തുകയായിരുന്ന സജീവൻ ഇതേ ഫാമിലെ ജീവനക്കാരനായ പ്രസാദിനെ എയർഗൺ ഉപയോഗിച്ച് തലക്കടിച്ച് കൊലപ്പെടുത്തിയത്. പോത്താനിക്കാട് സിഐയുടെ നേതൃത്വത്തിൽ വിശദമായി ഇയാളെ ചോദ്യം ചെയ്ത ശേഷം ഇന്നലെ വൈകിട്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഇയാളെ കസ്റ്റഡിയിലെടുത്ത് ആദ്യം ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ മൊഴി നൽകിയതെങ്കിലും പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. മദ്യത്തെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സജീവൻ മൊഴി നൽകിയിട്ടുണ്ട്. സംഭവം നടന്ന സജീവന്റെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കൊല്ലപ്പെട്ട പ്രസാദിന്റെ മൃതദേഹം പോസ്റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.