നിലമ്പൂര്‍: മലപ്പുറം പോത്തുകല്ല് ഹൈദ്രു വധക്കേസിലെ പ്രതിയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കൊലപാതകം നടന്ന് പതിനഞ്ച് വര്‍ഷത്തിനു ശേഷമാണ് നല്ലംതണ്ണി സ്വദേശിയായ മൂസ പൊലീസിന്‍റെ പിടിയിലായത്. 2005 ജൂലൈ 18നാണ് വെള്ളിമുറ്റം കൊടീരി ബാവക്കുത്ത് ഹൈദ്രു കൊല്ലപ്പെട്ടത്. തലക്കടിയേറ്റ നിലയില്‍ 72 കാരനായ ഹൈദ്രുവിന്‍റെ മൃതദേഹം വനത്തിനു സീപമാണ് കണ്ടെത്തിയത്.

എടക്കര പൊലീസാണ് ആദ്യം കേസ് അന്വേഷിച്ചത്. തുമ്പുണ്ടാക്കാനാവാതെ വന്നതോടെ ആക്ഷൻകമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ സമരങ്ങള്‍ പല തവണ നടന്നു. പിന്നാലെ കേസ് അന്വേഷണം ക്രൈബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി പി. വിക്രമന്‍റെ നേതൃത്വത്തിലുള്ള അന്വേഷണത്തിനൊടുവിലാണ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം കൊലപാതകിയെ കണ്ടെത്തിയത്.

പണം അപഹരിക്കാനാണ് മൂസ ഹ്രൈദ്രുവിനെ കൊലപ്പെടുത്തിയത്. കന്നുകാലികളെ വിറ്റ് കിട്ടിയ 25,000 രൂപ പഴ്സിലാക്കി ഹ്രൈദ്രു കയ്യില്‍ സൂക്ഷിച്ചിരുന്നു. ഇതറിയാമായിരുന്ന മൂസ ആളൊഴിഞ്ഞ സ്ഥലത്ത് ഒറ്റക്ക് കണ്ടപ്പോല്‍ ഹ്രൈദ്രുവിനെ മരക്കഷണം കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം പണം കവരുകയായിരുന്നു.

കൊലപാതകത്തിന് പത്ത് ദിവസം മുമ്പാണ് മൂസ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. വിദേശത്ത് ജയിലിലായിരുന്നു കുറേക്കാലം. ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വിളിച്ചതിനെതിരെ മൂസ പരാതിയുമായി നേരത്തെ രംഗത്ത് വന്നിരുന്നു. തന്നെ കള്ളക്കേസില്‍ കുടുക്കാൻ ശ്രമമുണ്ടെന്നായിരുന്നു മൂസയുടെ പരാതി.

മൂസയുടെ വീട്ടി അലമാരയില്‍ നിന്ന് പതിനഞ്ച് വര്‍ഷം മുമ്പത്തെ രക്തക്കറ കണ്ടെത്താനായത് ക്രൈംബ്രാഞ്ചിന് വലിയ തെളിവായി. ശാസ്ത്രീയ പരിശോധനയില്‍ ഇത് ഹൈദ്രുവിന്‍റേതാണെന്ന് തെളിഞ്ഞതിനു പിന്നാലെയാണ് ക്രൈബ്രാഞ്ച് മൂസയെ അറസ്റ്റ് ചെയ്തത്.