പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ ഉടൻ പൊലീസിനെ അറിയിക്കുക.  

തൃശൂർ : പടിയൂരിൽ വീടിനുള്ളിൽ അമ്മയേയും മകളേയും കൊലപ്പെടുത്തിയ പ്രേംകുമാർ ഉദയംപേരൂർ വിദ്യ കൊലകേസിലെ പ്രതി. ആദ്യ ഭാര്യ വിദ്യയെ കൊന്ന് കാട്ടിൽ കുഴിച്ചു മൂടിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് രണ്ടാം ഭാര്യ രേഖയെ (43) യും രേഖയുടെ അമ്മ മണിയേയും കൊലപ്പെടുത്തിയത്. പടിയൂർ സ്വദേശിനി മണി (74), മകൾ രേഖ (43) എന്നിവരെ കഴുത്തു ഞെരിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് കണ്ടെത്തൽ. പ്രേംകുമാറിനായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി.പ്രേംകുമാറിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ താഴെ പറയുന്ന നമ്പറുകളിൽ ബന്ധപെടേണ്ടതാണ്

ഇൻസ്പെക്ടർ , കാട്ടൂർ പോലീസ് സ്റ്റേഷൻ - 9497947203

ഡിവൈഎസ്പി ഇരിങ്ങാലക്കുട - 94979 90088

ജില്ലാ പോലീസ് മേധാവി തൃശ്ശൂർ റൂറൽ -9497996978

നാടിനെ നടുക്കി ഇരട്ടക്കൊല

കാറളം വെള്ളാനി സ്വദേശി കൈതവളപ്പിൽ പരേതനായ പരമേശ്വരന്‍റെ ഭാര്യ മണി, മകൾ രേഖ എന്നിവരെയാണ് വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പടിയൂർ പഞ്ചായത്തിന് സമീപം ഉള്ള വീട്ടിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് അയൽവാസികൾ മണിയുടെ മറ്റൊരു മകളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ വന്ന് വീടിന്റെ പിറക് വശത്തെ വാതിൽ തുറന്ന് അകത്ത് കയറി നോക്കിയപ്പോഴാണ് അമ്മയും മകളും വീടിന്റെ ഹാളിലും സമീപത്തെ മുറിയിലുമായി മരിച്ച് കിടക്കുന്നത് കണ്ടത്. മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. വീടിനുള്ളിൽ സാധനങ്ങൾ അലങ്കോലമായ നിലയിലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രേഖയുടെ രണ്ടാമത്തെ ഭർത്താവ് കോട്ടയം സ്വദേശി പ്രേംകുമാർ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഇവിടെ ഉണ്ടായിരുന്നുവെന്നും ഇയാളെ കാണാനില്ലെന്നും വ്യക്തമായി.