കടയ്ക്കലിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ മണിലാൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്.

കൊല്ലം: കൊല്ലം കടയ്ക്കലിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി പിടിയിൽ. കരുനാഗപ്പള്ളി ക്ലാപ്പന സ്വദേശി മണിലാലിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കടയ്ക്കലിലെ ഒരു ക്ഷേത്രത്തിലെ പൂജാരിയായ മണിലാൽ ബൈക്കിൽ ലിഫ്റ്റ് ചോദിച്ച പതിനൊന്നുകാരനെയാണ് പീഡനത്തിന് ഇരയാക്കിയത്. സ്കൂളിൽ നിന്നും ഉച്ചയ്ക്ക് മടങ്ങിയ വിദ്യാര്‍ത്ഥിക്ക് വഴിയിൽ വച്ച് ഷവര്‍മ വാങ്ങി നൽകിയ ശേഷം പ്രതി താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്നായിരുന്നു പീ‍ഡനം. തിരികെ വീട്ടിലെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ബന്ധുക്കൾ പതിനൊന്നുകാരനെ കൊല്ലം ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതർ നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് പീഡന വിവരം പുറത്തറിയുന്നത്. 

Also Read:വെള്ളി പാദസരം മോഷ്ടിക്കാൻ വൃദ്ധയുടെ ഇരു കാൽപാദങ്ങളും വെട്ടിമാറ്റി, കൊടും ക്രൂരത 100 വയസുകാരിയോട്

തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. ഒളിവിലായിരുന്ന മണിലാലിനെ ഇന്ന് പിടികൂടുകയായിരുന്നു. ഇയാൾ ഇതിനു മുമ്പും സമാന കേസുകളിൽ പ്രതിയായിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

അതിനിടെ, പാലക്കാട്‌ ചാലിശ്ശേരിയിൽ മൂന്ന് പെണ്മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പെണ്മക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്. രണ്ട് വർഷത്തോളം പ്രതി സ്വന്തം മക്കളെ ഉപദ്രവിച്ചു. അതിനിടയിൽ രണ്ട് പേരുടെ വിവാഹം കഴിഞ്ഞെങ്കിലും അച്ഛൻ പല തരത്തിൽ പീഡനം തുടർന്നു. ഇതോടെ വിവാഹിതരായ പെൺകുട്ടികൾ വീട്ടിൽ വരാതെയായി.

കഴിഞ്ഞ ദിവസം ഇളയ കുട്ടിയുടെ വിവാഹം നിശ്ചയിച്ചു. പിന്നാലെ സഹോദരിയേയും പീഡിപ്പിച്ച വിവരം അറിഞ്ഞതോടെ മുതിർന്ന രണ്ട് പേരും പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടികളുടെ വിശദമായി മൊഴി എടുത്തതോടെയാണ് ക്രൂരമായ പീഡനകഥ പുറത്തായത്. പ്രതിയെ പട്ടാമ്പി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.