ജന്തര്‍മന്ദറില്‍ നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ രാത്രിയാണ് കനത്ത സുരക്ഷയുള്ള ക്ഷേത്രത്തിനുള്ളില്‍ പൂജാരിക്ക് നേരെ ആക്രമണമുണ്ടായത്. 

ഗാസിയാബാദ്: ക്ഷേത്രത്തില്‍ ഉറങ്ങിക്കിടക്കവെ പൂജാരിയെ പേപ്പര്‍കട്ടര്‍ കൊണ്ട് ആക്രമിച്ചു. കഴുത്തിനും വയറിനും നിരവധി തവണ കുത്തേറ്റ പൂജാരി ചികിത്സയിലാണ്. അദ്ദേഹം അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. മസൂരിയിലെ ദസ്‌ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി നരേഷാനന്ദ്(56) എന്നയാള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.

ബിഹാര്‍ സ്വദേശിയായ നരേഷാനന്ദ് ഞായറാഴ്ചയാണ് ക്ഷേത്രത്തില്‍ എത്തിയത്. പിറ്റേ ദിവസം അദ്ദേഹം ജന്തര്‍ മന്ദിറില്‍ നടന്ന സമരത്തില്‍ പങ്കെടുത്തു. ഈ സമരത്തില്‍ ചിലര്‍ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. അതേ ദിവസം അദ്ദേഹം ക്ഷേത്രത്തില്‍ തിരിച്ചെത്തി. മനോജ് സിംഗ് എന്നയാളുടെ കൂടെ, പുറത്താണ് ഇയാള്‍ കിടന്നുറങ്ങിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൂജാരിക്ക് നേരെ ആക്രമണമുണ്ടായത്. തന്നെയും ആക്രമികള്‍ ആക്രമിക്കാന്‍ ശ്രമിച്ചെന്ന് മനോജ് സിംഗ് പറഞ്ഞു. രണ്ട് പേരാണ് ആക്രമിച്ചതെന്നും മനോജ് സിംഗ് പൊലീസിനോട് പറഞ്ഞു.

കനത്ത സുരക്ഷയുള്ള ക്ഷേത്രമാണ് ദസ്‌ന ദേവി ക്ഷേത്രം. 33 പിഎസി ഉദ്യോഗസ്ഥര്‍, നാല് തോക്കുധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍, അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍, മൂന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ കണ്ണ് വെട്ടിച്ചാണ് ആക്രമണം. 11 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് എസ്എച്ച്ഒ ശൈലേന്ദ്ര സിംഗ് പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona