ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച് നടക്കുന്നതുകണ്ട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ്  പീഡനവിവരം പുറത്തുപറഞ്ഞത്.

തിരുവനന്തപുരം: ഓട്ടിസം ബാധിച്ച പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്വകാര്യ ബസ് ഡ്രൈവർക്ക് ഏഴുവർഷം കഠിന തടവും 25,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടി അധികം ശിക്ഷ അനുഭവിക്കണം. വെള്ളനാട് പുനലാൽ വിമൽ നിവാസിൽ വിമൽ കുമാറി(41)നെയാണ് പോക്സോ പ്രത്യേക കോടതി ശിക്ഷിച്ചത്. 2013 സെപ്‌റ്റംബർ 20 നായിരുന്നു കേസിനാസ്പദയായ സംഭവം. 14 കാരനായ ആണ്‍കുട്ടിയെ ആണ് പ്രതി പീഡിപ്പിച്ചത്.

വീട്ടിലെ ചവർ കളയാനായി റോഡിലേക്കിറങ്ങിയ ബാലനെ തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിലേക്കു ബലംപ്രയോഗിച്ച് കൂട്ടിക്കൊണ്ടു പോയാണ് പ്രതി പീഡിപ്പിച്ചത്. ഓട്ടിസം ചികിത്സയിലുള്ള കുട്ടി ഭയന്നുവിറച്ച് നടക്കുന്നതുകണ്ട് വീട്ടുകാർ കാര്യം തിരക്കിയപ്പോഴാണ് പീഡനവിവരം പുറത്തുപറഞ്ഞത്. അടുത്ത ദിവസം ബസിൽവെച്ച് കുട്ടി പ്രതിയെ വീട്ടുകാർക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു. 

വഞ്ചിയൂർ പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്ത് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. പോക്സോ പ്രത്യേക കോടതി ജഡ്ജി ആജ് സുദർശനാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ ഹാജരായി.

Read More :  നവജാത ശിശുവിനെ ബക്കറ്റിൽ ഉപേക്ഷിച്ച സംഭവം; അമ്മയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍

അതിനിടെ വർക്കലയിൽ ഭിന്നശേഷിക്കാരിയായ ദളിത് യുവതിയെ വീട്ടിൽ അതിക്രമിച്ചു കയറി ശാരീരികമായി ഉപദ്രവിച്ച കേസിൽ പ്രതിയെ കർണാടകയിൽ നിന്നും പിടികൂടി. അയിരൂർ താന്നിമൂട് വീട്ടിൽ സുനിൽകുമാർ(42) ആണ് പിടിയിലായത്. അയിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇക്കഴിഞ്ഞ ഫെബ്രുവരി എട്ടാം തീയതി ഉച്ചയോടെയാണ് സംഭവം. 32 കാരിയായ യുവതിയുടെ വീട്ടിൽ ആരും ഇല്ലാത്ത സമയത്തു എത്തിയാണ് ലൈംഗികമായി ഉപദ്രവിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളായ മാതാപിതാക്കൾക്ക് ഭക്ഷണം നൽകി തിരികെ വീട്ടിൽ എത്തിയ യുവതിയുടെ സഹോദരിയാണ് അതിക്രമം കാണുന്നത്.