Asianet News MalayalamAsianet News Malayalam

മോഷണക്കുറ്റം ആരോപിച്ച് വിദ്യാർത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച സ്കൂള്‍ പിടിഎ അംഗത്തെ അറസ്റ്റ് ചെയ്തു

ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കന്‍റി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ ദിവസം ക്രൂര മർദ്ദനമേറ്റത്. 

pta committee member arrested for beaten student in balussery school
Author
First Published Sep 28, 2022, 12:18 AM IST

കോഴിക്കോട്: ബാലുശ്ശേരിയിൽ മോഷണക്കുറ്റം ആരോപിച്ച് സ്കൂൾ വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ സ്കൂള്‍ പിടിഎ അംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിഎ അംഗം സജിയെ ആണ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട്  ജാമ്യത്തിൽ വിട്ടയച്ചു. പ്രതിക്കെതിരെ ഐപിസി 323, 341 വകുപ്പുകൾ ആണ്  ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

ബാലുശ്ശേരി കോക്കല്ലൂർ ഗവ ഹയർസെക്കന്‍റി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിക്കാണ് കഴിഞ്ഞ തിങ്കളാഴ്ച ക്രൂര മർദ്ദനമേറ്റത്. സ്കൂളിലെ അധ്യാപക രക്ഷാകർതൃ സമിതി അംഗവും കാന്‍റ്റീന്‍ ജീവനക്കാരനുമായ സജി എന്നയാളാണ് കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്. തന്നെ കഴുത്തിൽ കുത്തിപ്പിടിച്ചുവെന്നും വലിച്ചിഴച്ചുവെന്നും മർദ്ദനമേറ്റ കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ സ്കൂളിലെ കാന്റീനിൽ വെച്ചാണ് ക്രൂരമായ സംഭവം അരങ്ങേറിയത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍   സജിക്കെതിരെ ബാലുശ്ശേരി പൊലീസ് കേസ്സെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ സ്കൂൾ ഇന്‍റർവെൽ സമയത്താണ് സംഭവം. ക്യാന്റീനിൽ നിന്ന് പണം മോഷ്ടിച്ചെന്നാരോപിച്ചായിരുന്നു പി ടി എ അംഗം സജി കുട്ടിയെ ആക്രമിച്ചത്.  ഷർട്ടിൽ കുത്തിപ്പിടിച്ച് വലിച്ചിഴച്ച് സ്റ്റാഫ് റൂമിലെത്തിച്ചായിരുന്നു മര്‍ദ്ദനം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡി. കോളേജ് ആശുപത്രിയിലുമെത്തിച്ച് ചികിത്സ നൽകി. ശാരീരിക ബുദ്ധിമുട്ടുകൾ ഇപ്പോഴുമുണ്ട്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥനത്തിൽ സജിക്കെതിരെ ബാലുശ്ശേരി പൊലീസ് ഐപിസി 341,347 വകുപ്പുകൾ ചുമത്തിയാണ് കേസ്സെടുത്തത്. അതേസമയം സംഭവം നടന്ന് മണിക്കൂറുകളായിട്ടും സ്കൂൾ അധികൃതർ ഗൗരവമായി ഇടപെട്ടില്ലെന്ന് വീട്ടുകാർക്ക് പരാതിപ്പെട്ടു.  സജിക്കെതിരെ ചൈൽഡ് ലൈനിന് പരാതി നൽകിയെന്നും ഇയാൾ സ്കൂളിൽ പ്രവേശിക്കരുതെന്ന് നിർദ്ദേശം നൽകിയതായും അധ്യാപകർ അറിയിച്ചു.

Read More : ഹർത്താലിലെ അക്രമം: കോഴിക്കോട് രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർ കൂടി അറസ്റ്റിൽ

Follow Us:
Download App:
  • android
  • ios