തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ തലയ്ക്കടിച്ച്  കൊന്നു. മദ്യപാനത്തിനിടെ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് കൊലപാതകമെന്ന് പൊലീസ് വ്യക്തമാക്കി. ബാലരാമപുരം സ്വദേശി അനീഷാണ് മരിച്ചത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായതായാണ് സൂചന.

ബാലരാമപുരം മണലി കൂടല്ലൂരിലെ സുഹൃത്ത് ബിനുവിന്റെ വീട്ടിലാണ് അനീഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ബിനുവിനെയും പരിക്കേറ്റ നിലയിൽ ഇവിടെ കണ്ടെത്തി. കഴിഞ്ഞദിവസം ബിനുവിന്റെ സഹോദരൻ ജയകുമാറിന്റെ വീട്ടിലിരുന്നാണ് അനീഷും സംഘവും മദ്യപിച്ചത്. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. 

പുലർച്ചെ ബിനുവിന്റെ മകൻ വീട്ടിലെത്തിയപ്പോഴാണ് ബിനു ചോരയിൽ കുളിച്ച് കിടക്കുന്നതു കണ്ടത്. ഉടൻ തന്നെ ബിനുവിനെ ആശുത്രിയിലേത്തിക്കുകയും ചെയ്തു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് അനീഷിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നും ചുറ്റിക കണ്ടെത്തിയതായും പൊലീസ് പറഞ്ഞു.

ആരൊക്കെയാണ് സംഘത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പരിശോധിക്കുകയാണ്. പൊലീസും ഡോഗ് സ്ക്വാഡ്യും എത്തി സ്ഥലത്ത് പരിശോധന നടത്തി. ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി അനീഷിന്റെ മൃതദേഹം മെഡിക്കൽ കോളെജ് ആശുപത്രിയിലേയ്ക്ക് മാറ്റി. ബിനു ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.