അമൃതയുടേത് മാത്രമല്ല, ഹാർഡ് ഡിസ്കിൽ 15 യുവതിയുടെ സ്വകാര്യ വീഡിയോ. സ്ത്രീകളുടെ സ്വകാര്യ വീഡിയോ സൂക്ഷിക്കുന്നതിൽ ഇയാൾക്ക് അഭിനിവേശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

ദില്ലി: കൊല്ലപ്പെട്ട സിവിൽ സർവീസ് പഠിതാവ് രാംകേഷ് മീണയുടെ ഹാർഡ് ഡിസ്കിൽ 15ഓളം സ്ത്രീകളുടെ വീഡിയോകളെന്ന് പൊലീസ്. മീണയുടെ ഹാർഡ് ഡിസ്കിൽ കുറഞ്ഞത് 15 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യ വീഡിയോ സൂക്ഷിക്കുന്നതിൽ ഇയാൾക്ക് അഭിനിവേശമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ദില്ലിയിലെ തിമാർപൂർ പ്രദേശത്തെ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിന് ശേഷമാണ് രാംകേഷ് മീണയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെടുത്തത്. പൊലീസ് അന്വേഷണത്തിൽ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. രാംകേഷിന്റെ മരണത്തിന് മൂന്ന് ആഴ്ചകൾക്ക് ശേഷം, അദ്ദേഹത്തിന്റെ ലിവ്-ഇൻ പങ്കാളിയായ അമൃത ചൗഹാൻ, മുൻ കാമുകൻ സുമിത് കശ്യപ്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. 

രാംകേഷിനെ കൊലപ്പെടുത്തിയ ശേഷം അപകടമാണെന്ന് വരുത്തിത്തീർക്കാൻ തീകൊളുത്തുകയായിരുന്നു. രാംകേഷ് തന്റെ സ്വകാര്യ വീഡിയോകൾ റെക്കോർഡ് ചെയ്ത് ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരുന്നതിനാലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അമൃത പൊലീസിനോട് പറഞ്ഞു. വീഡിയോകൾ ഇല്ലാതാക്കാൻ പലതവണ ആവശ്യപ്പെട്ടെങ്കിലും രാംകേഷ് വിസമ്മതിച്ചു. തുടർന്നാണ് മുൻകാമുകനെയും കൂട്ടി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് അമൃത സമ്മതിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് നിരവധി യുവതികളുടെ സ്വകാര്യവീഡിയോ കണ്ടെത്തിയത്. രാംകേഷ് തന്റെ സ്വകാര്യ വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭയന്നാണ് അമൃതയും സുമിത്തും കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ക്രമസമാധാന സ്പെഷ്യൽ പോലീസ് കമ്മീഷണർ രവീന്ദ്ര യാദവ് പറഞ്ഞു. സുമിത്തും സന്ദീപും ചേർന്ന് രാംകേഷിനെ മർദ്ദിച്ച് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം ദേഹത്ത് എണ്ണ, നെയ്യ്, വീഞ്ഞ് എന്നിവ ഒഴിച്ച് കത്തിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. സുമിത് അടുക്കളയിൽ നിന്ന് ഗ്യാസ് സിലിണ്ടർ പുറത്തെടുത്ത് രാം കേഷിന്റെ തലയ്ക്ക് സമീപം വച്ച് മുറിയിൽ ​ഗ്യാസ് നിറച്ചു. രാം കേഷിന്റെ രണ്ട് ലാപ്‌ടോപ്പുകൾ, ഹാർഡ് ഡിസ്‌ക്, മറ്റ് സാധനങ്ങൾ എന്നിവ പ്രതികൾ ഇതിനകം കൈക്കലാക്കി. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷം, സുമിത് ഒരു ലൈറ്റർ ഉപയോഗിച്ച് തീ കത്തിച്ച് പ്രധാന വാതിൽ പൂട്ടി. അവർ കെട്ടിടം വിട്ടതിനുശേഷം സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു.

ഗ്യാസ് ചോർച്ച മൂലമാണ് സ്ഫോടനം നടന്നതെന്ന് പോലീസ് ആദ്യം സംശയിച്ചിരുന്നതായി സ്പെഷ്യൽ കമ്മീഷണർ യാദവ് പറഞ്ഞു. കെട്ടിടത്തിൽ നിന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, പൊലീസിന് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. തീപിടുത്തത്തിന് തലേദിവസം രാത്രി മുഖം മൂടിയ രണ്ടുപേർ കെട്ടിടത്തിലേക്ക് പ്രവേശിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ, അവരിൽ ഒരാൾ കെട്ടിടത്തിന് പുറത്തേക്ക് പോയി. തുടർന്ന്, ഒരു പുരുഷനും സ്ത്രീയും കെട്ടിടം വിട്ടിറങ്ങി. ഈ സ്ത്രീ രാം കേഷിന്റെ ലിവ്-ഇൻ പങ്കാളിയായ അമൃതയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. സംഭവത്തിന് ശേഷം അമൃതയുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. നിരവധി റെയ്ഡുകൾക്കൊടുവിൽ ഒക്ടോബർ 18 ന് പൊലീസ് അവളെ പിടികൂടി. ചോദ്യം ചെയ്യലിൽ, സഹപ്രതികളായ മുൻ കാമുകൻ സുമിത്തിനെയും സുഹൃത്ത് സന്ദീപിനെയും അവർ തിരിച്ചറിഞ്ഞു. ഒക്ടോബർ 21 ന് സുമിത്തിനെയും ഒക്ടോബർ 23 ന് സന്ദീപിനെയും അറസ്റ്റ് ചെയ്തു. രാം കേഷ് തന്റെ സ്വകാര്യ വീഡിയോകൾ ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരുന്നുവെന്നും അവ ഇല്ലാതാക്കാൻ വിസമ്മതിച്ചുവെന്നും അമൃത പോലീസിനോട് പറഞ്ഞു. 21 കാരിയായ അമൃത ഫോറൻസിക് വിദ്യാർത്ഥിനിയാണ്. അമൃതയിൽ നിന്ന് കണ്ടെടുത്ത ഹാർഡ് ഡിസ്കിൽ നിന്ന് കുറഞ്ഞത് 15 സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.