കാസര്‍കോട്: കാസർകോട് റവന്യൂ റിക്കവറി തഹസിൽദാർക്കെതിരെ പീഡന പരാതി. താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വീപ്പർ തസ്‌തികയിലുള്ള താല്‍ക്കാലിക ജീവനക്കാരിയാണ് പരാതിനൽകിയത്.

ജോലിക്കിടെ ഓഫീസിനകത്ത് വച്ച് റവന്യൂ റിക്കവറി തഹസിൽദാറായ എസ്  ശ്രീകണ്ഠൻ നായർ തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് യുവതി പറയുന്നത്. കഴിഞ്ഞമാസമാണ് യുവതി ആറുമാസത്തെ താല്‍ക്കാലിക കാലാവധിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. ഓഗസ്റ്റ് പതിനാറിന് രാവിലെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. പരാതിയിൽ ഉറച്ച് നിന്നതോടെ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

പരാതിയില്‍ കാസർകോട് ടൗൺ പൊലീസ് പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. ജോലി കൃത്യമായി ചെയ്യാത്തതിന് പരാതിക്കാരിയോട് ദേഷ്യപ്പെട്ടിരുന്നെന്നും ഇതാണ് ആരോപണത്തിന് കാരണമെന്നുമാണ് തഹസിൽദാർ പറയുന്നത്. കഴിഞ്ഞ ദിവസം ഇയാൾക്ക് തിരുവനന്തപുരത്തേക്ക് ജോലിമാറ്റവും ലഭിച്ചു.