ആഗ്ര: ഉത്തർപ്രദേശില്‍ പതിനെട്ടുകാരി പീഡന ശ്രമത്തിനിടെ കൊലപ്പെട്ടു. ആഗ്രയ്ക്കടുത്ത് ഫിറോസാബാദില്‍ വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി കൊല്ലപ്പെട്ടത്.  വയലില്‍ ജോലിക്ക് പോയ മാതാപിതാക്കൾക്ക് ഭക്ഷണം കൊടുത്ത് മടങ്ങവെയാണ് പെണ്‍കുട്ടി പീഡന ശ്രമത്തിനിരയായായത്.
 
സംഭവത്തില്‍ പവന്‍ എന്ന ഇരുപത്തിയഞ്ചുകാരനെ നാട്ടുകാർ പിടികൂടി പൊലീസിലേല്‍പിച്ചു. ദീർഘനാളായി പ്രതി പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പ്രതിയായ പവന്‍റെ കൈയില്‍ നിന്ന്  കൊയ്ത്ത് യന്ത്രം വാടകക്കെടുത്ത് പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വയലില്‍ ഗോതമ്പ് വിളവെടുപ്പ് നടന്നു വരികയായിരുന്നു.  

മാതാപിതാക്കൾക്ക് ഭക്ഷണം നല്‍കി മടങ്ങിയ പെണ്‍കുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് പവന്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചു. ശ്രമം എതിർത്ത പെണ്‍കുട്ടി വീട്ടുകാരെ വിവരമറിയിക്കുമെന്ന് പറഞ്ഞു. ഇതില്‍ പ്രകോപിതനായ പവന്‍ പെണ്‍കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം ഒളിപ്പിച്ചു. 

രാത്രിയായിട്ടും പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്താതായതോടെ നാട്ടുകാർ അന്വേഷിച്ചിറങ്ങി. നാട്ടുകാർ നടത്തിയ തെരച്ചിലില്‍ ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെ പവനെ പിടികൂടി. പെണ്‍കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പിടിയിലാവുമ്പോൾ പ്രതി. നാട്ടുകാർ ഇയാളെ പൊലീസിലേല്‍പിച്ചു. പ്രതിയുടെ പേരില്‍ ഐപിസി 302 പ്രകാരം കേസെടുത്തതായി പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു