ഇടുക്കി: ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ പിടിയിൽ. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ഫാദർ റെജി പാലക്കാടനാണ് അറസ്റ്റിലായത്. വൈദികൻ വ്യാജവൈദ്യനാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. അടിമാലിയിൽ പാലക്കാടൻ വൈദ്യശാല എന്ന പേരിൽ 20 വർഷമായി ആശുപത്രി നടത്തുന്ന ഫാദർ റെജി പാലക്കാടനാണ് പീഡനക്കേസിൽ അറസ്റ്റിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ;- ഉദരസംബന്ധമായ അസുഖത്തിന് ചികിത്സതേടി കഴിഞ്ഞ ദിവസമാണ് ഇരുപത്തിരണ്ടുകാരി വൈദികൻ നടത്തുന്ന ആശുപത്രിയിൽ എത്തിയത്. വൈദ്യപരിശോധന നടത്തുന്നതിനിടെ വൈദികൻ യുവതിയോട് അപമര്യാദയായി പെരുമാറി. ഇത് ചെറുത്ത പെൺകുട്ടിയെ തലയിൽ കൈവച്ച് പ്രാർത്ഥിക്കാനെന്ന പേരിലും വൈദികൻ അപമാനിച്ചു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞു. പിന്നീട് വീട്ടുകാർക്കൊപ്പമെത്തി അടിമാലി പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയനുസരിച്ച് ചോദ്യം ചെയ്യാൻ വിളിച്ച് വരുത്തിയ ശേഷം പൊലീസ് വൈദികന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. യാക്കോബായ സഭാംഗമായ ഫാദർ റെജി ഇടുക്കി പണിക്കൻകുടി പളളി വികാരിയാണ്.

പാരമ്പര്യ വൈദ്യൻ എന്ന് അവകാശപ്പെട്ട് ഡോ. ഫാദർ റെജി എന്ന പേരിലാണ് വൈദികൻ ചികിത്സ നടത്തിയിരുന്നത്. വൈദികന് ബിഎഎംഎസ് ഇല്ല എന്നാണ് പ്രാഥമിക വിവരം. ഡോക്ടർ എന്ന നിലയിൽ വൈദികൻ വ്യാജചികിത്സയാണോ നടത്തിയിരുന്നത് എന്ന് അന്വേഷിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Also Read: കുടുംബ വഴക്കിന് പരിഹാരം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച വൈദികന്‍ അറസ്റ്റില്‍