മലപ്പുറം: പളളിക്കല്‍ പഞ്ചായത്തില്‍ യുപി സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയായ അധ്യാപകന്‍ കോടതിയില്‍ കീഴടങ്ങി. ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. അതിനിടെ, പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ കോഴിക്കോട് പേരാന്പ്രയില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റിലായി.

മലപ്പുറം പളളിക്കല്‍ പഞ്ചായത്തിലെ എയ്ഡഡ് സ്കൂളിലെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന പിടി അബ്ദുള്‍ മസൂദ് ഇന്ന് ഉച്ചയോടെയാണ് മ‍ഞ്ചേരി സെഷന്‍സ് കോടതിയില്‍ കീഴടങ്ങിയത്. തേഞ്ഞിപ്പലം പൊലീസ് പോക്സോ കേസെടുത്തുമുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. 

മസൂദിനെ കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു. അ‍ഞ്ചാം ക്ലാസില്‍ താന്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥിനിയെയാണ് അറബിക് അധ്യാപകനായ മസൂദ് സുഹൃത്തായ മറ്റൊരു അധ്യാപകന്‍റെ വീട്ടില്‍വച്ച് പീഡിപ്പിച്ചത്. പെണ്‍കുട്ടിയെ പരിശോധിച്ച ഡോക്ടറാണ് പീഡനം സംബന്ധിച്ച വിവരം പൊലീസിന് നല്‍കിയത്. അധ്യാപകനെ സസ്പെന്‍ഡ് ചെയ്തതായി സ്കൂള്‍ മാനേജ്മെന്‍റ് അറിയിച്ചു.