കാർ നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് കയറി സഹോദരി മരിച്ചുവെന്നായിരുന്നു 30 കാരനായ യുവാവ് വീട്ടുകാരേയും ബന്ധുക്കളേയും ധരിപ്പിച്ചിരുന്നത്. എന്നാൽ 24കാരിയുടെ പിതാവ് നൽകിയ പരാതിയിലാണ് കൊലപാതകം പുറത്തായത്

ഓംഗോൾ: സ്വന്തം സഹോദരിയെ കൊലപ്പെടുത്തി അപകടമാക്കി ചിത്രീകരിച്ച് ഒരു കോടി രൂപയുടെ ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ച റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ അറസ്റ്റിൽ. ആന്ധ്ര പ്രദേശിലെ പ്രകാശം ജില്ലയിലെ ഓംഗോളിലാണ് സംഭവം. മാലാപതി അശോക് കുമാർ റെഡ്ഡി എന്ന 30കാരനാണ് അറസ്റ്റിലായത്. ഇയാൾ സ്വന്തം സഹോദരിയായ മലാപതി സന്ധ്യയേയാണ് കൊലപ്പെടുത്തിയത്. 

കഴിഞ്ഞ ഫെബ്രുവരി 4നുണ്ടായ അപകടത്തിലാണ് 24കാരിയായ സന്ധ്യ മരിച്ചത്. വൈദ്യ പരിശോധനയ്ക്ക് പോകുന്ന വഴിയിൽ വാഹനാപകടത്തിൽ 24കാരി മരിച്ചുവെന്നായിരുന്നു എല്ലാവരും ധരിച്ചിരുന്നത്. എന്നാൽ മകളുടെ മരണത്തിന് പിന്നാലെ പിതാവ് മാലാപതി തിരുപാത്തെയ്യ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് വാഹനാപകടമല്ല മരണ കാരണം എന്നും നടന്നത് കൊലപാതകമാണെന്നും വ്യക്തമാവുന്നത്. ഫോറൻസിക് പരിശോധഫലങ്ങളിലാണ് മരണം ശ്വാസംമുട്ടിയാണെന്നും മരണത്തിന് മുൻപ് യുവതി ഉറക്കഗുളികകൾ കഴിച്ചതായും വ്യക്തമാവുന്നത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സഹോദരൻ കുടുങ്ങിയത്. 

ഹോട്ടൽ പൊളിഞ്ഞു, സഹോദരിയുടെ വിവാഹത്തോടെ കടക്കെണി, ഇൻഷുറൻസ് പണത്തിനായി അച്ഛനെ കൊന്നു, മകൻ അറസ്റ്റിൽ

ബിസിനസിൽ വലിയ നഷ്ടമുണ്ടായതിന് പിന്നാലെയാണ് 30കാരൻ വലിയ ക്രൂരതയ്ക്ക് മുതിർന്നത്. സഹോദരിക്ക് നിലവിലുള്ള ഇൻഷുറൻസ് തുകയ്ക്ക് പുറമേ 73 ലക്ഷം രൂപയും ചേർത്ത് 1.13 കോടി രൂപയ്ക്കാണ് 30കാരൻ ഇൻഷുർ ചെയ്തിരുന്നത്. 2023 നവംബറിലായിരുന്നു സന്ധ്യയുടെ പേരിൽ 30കാരൻ ഇൻഷുറൻസ് എടുത്തത്. കൊലപാതകം നടന്ന ദിവസം സഹോദരിയെ ആശുപത്രിയിൽ കൊണ്ട് പോവാനെന്ന പേരിൽ കാറിൽ കയറ്റിയ ശേഷം ഇയാൾ തന്ത്രപരമായി ഉറക്ക ഗുളികകൾ നൽകി. ഇതിന് ശേഷം ശ്വാസം മുട്ടിച്ച് കൊല ചെയ്ത ശേഷം പൊട്ലി ടൌണിൽ വച്ച് കാർ അപകടത്തിൽപ്പെടുത്തുകയായിരുന്നു.

കാർ മരത്തിലേക്ക് ഇടിച്ച് കയറ്റിയ ശേഷം അപകടത്തിൽ സന്ധ്യ മരിച്ചതായാണ് യുവാവ് അവകാശപ്പെട്ടത്. വിവാഹ ബന്ധം വേർപ്പെടുത്തിയ ശേഷം സന്ധ്യ അശോകിന്റെ കുടുംബത്തോടൊപ്പമായിരുന്നു താമസം. മാസങ്ങൾ നീണ്ട തയ്യാറെടുപ്പിന് ശേഷമാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. സഹോദരി വിവാഹമോചിതയും മറ്റ് ബാധ്യതകളും ഇല്ലാത്തതിനാലാണ് അശോക് സഹോദരിയെ കരുവാക്കിയതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഇതിനായി 30 കാരന് സഹായം ചെയ്തു നൽകിയ രണ്ട് പേരിൽ ഒരാളും അറസ്റ്റിലായിട്ടുണ്ട്. ഒരാൾ ഒളിവിലാണ്. 30കാരനെ കോടതി റിമാൻഡ് ചെയ്തു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം