മക്കളെക്കൊണ്ട് ദേഹത്ത് ചിത്രങ്ങൾ വരപ്പിച്ച്, അത് ചിത്രീകരിച്ച് പ്രസിദ്ധീകരിച്ചതിനാണ് രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുത്തത്. രഹ്നയെ അന്വേഷിച്ച് പൊലീസ് വീട്ടിലെത്തിയിരുന്നെങ്കിലും അവിടെ ഇല്ലെന്നാണ് ഭർത്താവ് വ്യക്തമാക്കിയത്.

കൊച്ചി: കുട്ടികളുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്ന കേസിൽ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമ മുൻകൂർ ജാമ്യം തേടി. രഹ്നാ ഫാത്തിമ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും വ്യക്തി സ്വാതന്ത്ര്യത്തിൽ ഉൾപ്പെട്ട കാര്യമാണ് ചെയ്തതെന്നുമാണ് ഹർജിയിലുളളത്. ഇതിൽ പോക്സോ അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തുന്നത് തെറ്റാണെന്നും രഹ്നാ ഫാത്തിമ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം ഉൾപ്പെടുന്ന പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയാണ് കൊച്ചിയിലും തിരുവല്ലയിലും പൊലീസ് കഴിഞ്ഞദിവസം കേസെടുത്തത്. രഹ്നയുടെ കൊച്ചിയിലെ വീട്ടിൽ ഇന്നലെ പൊലീസ് പരിശോധന നടത്തിയിരുന്നു. അറസ്റ്റ് സാധ്യതകൾ മുന്നിൽക്കണ്ടാണ് രഹ്ന മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയിൽ എത്തിയത്.

'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടോടെ രഹ്നാഫാത്തിമ തന്നെയാണ് സ്വന്തം മക്കൾ തന്‍റെ ശരീരത്ത് ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. പ്രായ പൂർത്തിയാകാത്ത കുട്ടികൾക്ക് മുന്നിൽ ശരീര പ്രദർശനം നടത്തുന്നതും പ്രചരിപ്പിക്കുന്നതും പോക്സോ നിയമപ്രകാരം കുറ്റകരമാണന്ന് ചൂണ്ടിക്കാട്ടിയാണ് തിരുവല്ല സ്വദേശിയായ അഭിഭാഷകൻ പൊലീസിൽ പരാതി നൽകിയത്. 

ജുവനൈൽ ആക്ട്, ഐടി ആക്ട് എന്നിവ പ്രകാരമാണ് രഹ്ന ഫാത്തിമക്കെതിരെ കേസെടുത്തിരിക്കുന്നത്. ശബരിമല സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട് രഹ്നയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ സ്ഥാപനത്തിന്‍റെ സൽപ്പേരിനെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടി ബിഎസ്എൻഎൽ രഹ്നയെ സർവീസിൽ നിന്ന് പുറത്താക്കിയിരുന്നു.