കോഴിക്കോട്: കോഴിക്കോട് യുവാവിനെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കളുടെ ആരോപണം. യുവാവ് ആത്മഹത്യ ചെയ്യില്ലെന്നാണ് ബന്ധുക്കള്‍ ഉറപ്പിച്ച് പറയുന്നത്. 

കക്കോടി കിരാലൂർ മാടം കള്ളിക്കോത്ത് വീട്ടിൽ രൺദീപിനെ ഇന്നലെ വൈകിട്ടാണ് കൊട്ടാരം റോഡിലെ ജവഹർ അപാർട്ട്മെൻറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ചയാണ് യുവാവ് ഒരു യുവതിയോടൊപ്പം അപ്പാർട്ട്മെൻറിൽ മുറിയെടുത്തത്. ഇന്നലെ വൈകീട്ടാണ് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുന്ന വിവരം യുവതി പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തുമ്പോഴക്കും യുവാവ്  മരിച്ചിരുന്നു.

ജിം ട്രെയിനറായ രണദീപ് ഫേസ് ബുക്ക് വഴിയാണ് യുവതിയുമായി പരിചയപ്പെടുന്നത്, ഏറെ നാളായി ഇവര്‍ പ്രണയത്തിലായിരുന്നു. സ്വകാര്യ ആശുപത്രി രോഗികളുടെ കൂട്ടിരിപ്പുകാർക്ക് നൽകുന്ന ഫ്ലാറ്റിലാണ് ഇവർ മുറിയെടുത്തത്. യുവതിയുമായി ഇവിടെ എത്തിയ കാര്യം രൺദീപ്  കൂട്ടുകാരെ അറിയിക്കുകയും ചെയ്തു.  വിവാഹം നടത്തുന്ന കാര്യത്തിൽ മുറിയില്‍ വച്ച് ഇവർ തമ്മിൽ തർക്കം ഉണ്ടായി. തുടർന്ന് യുവാവ് ആത്മഹത്യാ പ്രവണത കാണിക്കുകയും ചെയ്തു. ഇതോടെ താൻ മുറിയില്‍ നിന്ന് പുറത്തേക്കോടിയെന്നാണ് യുവതി പറയുന്നത്.  ഇക്കാര്യം യുവതി  ചേവായൂർ പൊലിസ് സ്റ്റേഷനിൽ എത്തി അറിയിക്കുകയും ചെയ്തു.

ഇതര മതത്തിലുള്ള  പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്ന രൺദീപിനെ പെൺകുട്ടിയുടെ വീട്ടുകാർ മർദ്ദിച്ചതായി ബന്ധുക്കള്‍ പറയുന്നു. എന്നാല്‍, ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം എന്നും ബന്ധുക്കളിൽ നിന്ന് ഇത് വരെ പരാതി ഒന്നും കിട്ടിയിട്ടില്ലെന്നും പൊലീസ് പറഞ്ഞു.